കോതമംഗലം: തങ്കളം ബൈപാസ് ജംഗ്ഷൻ റോഡിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. സമീപത്തെ തോടിന്റെ വീതികൂട്ടൽ പാതിവഴിയിൽ ഉപേക്ഷിച്ചതാണ് കാരണം. നിരവധി തവണ എം.എം.എയും ഉദ്യോഗസ്ഥരും ചർച്ച നടത്തുന്നതല്ലാതെ വെള്ളക്കെട്ട് ഒഴിവാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.കഴിഞ്ഞ മാസം എം.എൽ.എ ആന്റണി ജോണും തഹസിൽദാരും തൃക്കാരിയൂർ, കോതമംഗലം വില്ലേജ് ഓഫീസർമാരും സമീപവാസികളുമായി ചർച്ച നടത്തി തോടിന് വീതി കൂട്ടൻ തീരുമാനം എടുത്തു. തൊട്ടടുത്ത ദിവസം ഹിറ്റാച്ചി ഉപയോഗിച്ച് കുറച്ച് ഭാഗത്തെ മണ്ണ് നീക്കം ചെയ്തതല്ലാതെ മറ്റൊരു ജോലികളും പൂർത്തിയാക്കിയില്ല. അതേസമയം സ്ഥലം ഉടമകളുടെ അനുമതി ലഭിക്കാത്തതിന് തുടർന്നാണ് വീതി കൂട്ടൽ നീണ്ടതെന്നാണ് തഹസിൽദാർ പറയുന്നത്. പ്രദേശത്ത് തോട് കൈയേറി കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും ഇവ പൊളിച്ച് മാറ്റുമെന്നും തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസ് പറഞ്ഞു. നാളെ മുതൽ വീതിൽ കൂട്ടൽ ജോലികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ പെയ്ത മഴയിൽ റോഡ് വീണ്ടും വെള്ളത്തിൽ മുങ്ങി ഗാതാഗതം ഭാഗീകമായി തടസപ്പെട്ടു.