വൈപ്പിൻ: മുനമ്പം ഫിഷിംഗ് ഹാർബറും , മിനി ഹാർബറും നാളെ മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും. ഹാർബറിലെ മത്സ്യത്തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. കടലിൽപ്പോയ ബോട്ടുകൾക്ക് ഇന്ന് ഹാർബറിൽ എത്തി മത്സ്യവില്പന നടത്താം. പൂന്തുറ, പൊഴിയൂർ മേഖലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ പണിയെടുക്കുന്ന വള്ളത്തിലെ 58 കാരനായ തരകന് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹാർബറുകൾ അടച്ചിടുന്ന കാലയളവിൽ മുനമ്പം,പള്ളിപ്പുറം മേഖലകളിൽ നിന്നും മത്സ്യബന്ധനത്തിനു പോകാനോ, കരക്കടുത്ത് മത്സ്യം വിൽക്കാനോ അനുമതി ഉണ്ടായിരിക്കില്ല.അതേസമയം മുനമ്പം ഹാർബറിൽ ഫിഷറീസ് ഉദ്യോഗസ്ഥർ വിളിച്ചുചേർത്ത യോഗത്തിൽ കൊവിഡ് രോഗബാധിതനും സഹപ്രവർത്തകരും പങ്കെടുത്തിരുന്നു. ഇയാൾ വിവിധ ഇടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഇയാളുമായി അടുത്ത് ഇടപഴകിയിട്ടുള്ള ഫിഷറീസ് വകുപ്പ് ജീവനക്കാരടക്കം ക്വാറന്റൈയിനിൽ പോകണമെന്ന് മുനമ്പം മെഡിക്കൽ ഓഫീസർ അറിയിച്ചു. ഹാർബറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി വ്യാപകമായി ടെസ്റ്റ് നടത്തുവാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഫൈബർ വള്ളങ്ങളിലെ അന്യജില്ലക്കാരായ തൊഴിലാളികളെ കൂട്ടത്തോടെ ക്വാറന്റൈയിനിൽ താമസിപ്പിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. മുനമ്പം ഹാർബർ തുറന്നപ്പോൾ നേരത്തെ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന പൂന്തുറ, പൊഴിയൂർ , കൊല്ലം മേഖലയിൽ നിന്നും നിരവധി മത്സ്യതൊഴിലാളികളും, വള്ളങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ മുനമ്പത്തെത്തിയിരുന്നു.ഫിഷറീസ് ഉദ്യോഗസ്ഥരടക്കം സമ്പർക്കത്തിലുള്ളതിനാൽ ആരോഗ്യവകുപ്പ് വിശദമായ സമ്പർക്ക ലിസ്റ്റ് തയ്യാറാക്കി വരികയാണ്. 66 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.