thadayana

പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി തോടിന് കുറുകെ ജലസംരക്ഷണത്തിനായി നിർമ്മിക്കുന്നു. 24 ലക്ഷം രൂപയുടേതാണ് പദ്ധതി. പുന്നലം ഭാഗത്ത് തടയണ നിർമ്മിക്കുന്നത്. പഞ്ചായത്തിലെ അഞ്ച്, എട്ട് വാർഡുകളിലൂടെയാണ് തോട് കടന്നു പോകുന്നത്. മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. സാങ്കേതികാനുമതി,ടെൻഡർ നടപടി എന്നിവ പൂർത്തീകരിച്ച് തടയണ നിർമ്മാണം ഉടൻ ആരംഭിക്കാനാണ് നീക്കം.ആറടി ഉയരത്തിലാണ് തടയണ നിർമ്മിക്കുക.

പഞ്ചായത്തിലെ ഏറ്റവും വലിയ തോടുകളിൽ ഒന്നാണ് പുഞ്ചക്കുഴി തോട്. കാടനാട് കൂട്ടാടം പാടശേഖരത്തിലെ കൃഷി ഈ തോടിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇവിടെ തടയണ നിർമ്മിക്കണമെന്ന ആവശ്യം വർഷങ്ങളായി നെൽ കർഷകരുടെ ആവശ്യമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഇവിടെയുണ്ടായിരുന്ന തടയണ നശിച്ചു പോയിരുന്നു. ഇതിന് ശേഷം പ്രദേശത്തേക്ക് ജലലഭ്യത രൂക്ഷമായിരുന്നു. തടയണ യാഥാർത്ഥ്യമായാൽ വേനൽ കാലത്തെ നെൽ കർഷകർക്ക് ഏറെ ഗുണം ചെയ്യും. ഇതോടൊപ്പം സമീപ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും തടയണ സഹായകരമാകും.പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, മേജർ ഇറിഗേഷൻ വകുപ്പ് എന്നിവയുടെ ഫണ്ട് ഉപയോഗിച്ചു തോടിന്റെ വീതി കൂട്ടി ആഴം വർദ്ധിപ്പിച്ചിരുന്നു.37 ലക്ഷം രൂപ വിനിയോഗിച്ചു മൂന്ന് കിലോമീറ്ററോളം ദൂരത്തിലാണ് ആഴം കൂട്ടൽ ജോലികൾ പൂർത്തിയാക്കിയത്. ഇതോടെ വർഷക്കാലത്ത് പാടശേഖരത്തിൽ വെള്ളക്കെട്ട് ഒഴിവായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി പ്രകാശ്, പഞ്ചായത്ത് അംഗം സിന്ധു അരവിന്ദ് എന്നിവരുടെ ഫണ്ടുകൾ കൂടി ഈ പദ്ധതിക്കായി വിനിയോഗിച്ചിരുന്നു. പുന്നലം മുതൽ കാട്ടൂർ വരെയുള്ള ഭാഗങ്ങൾക്കും തടയണ ഗുണം ചെയ്യും. തടയണയോടൊപ്പം തോടിന്റെ 60 മീറ്റർ നീളത്തിൽ വശങ്ങൾ കരിങ്കല്ല് കൊണ്ട് കെട്ടി ബലപ്പെടുത്തുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു.