കളമശേരി: ഏലൂർ മുനിസിപ്പൽ ടൗൺ ഹാൾ എന്ന ദീർഘനാളത്തെ സ്വപ്നം സഫലാകുന്നു. ഈ മാസം തന്നെ പണി പൂർത്തീകരിക്കാനുള്ള കഠിനശ്രമത്തിലാണ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന കൗൺസിലർ ജോസഫ് ഷെറിയും സംഘവും.
2010 കാലഘട്ടത്തിലാണ് ടൗൺഹാൾ പദ്ധതിക്ക് തുടക്കമായത്. പിന്നെ
ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ എൽ.ഡി.എഫ് ഭരണസമിതി ഇക്കൊല്ലം തന്നെ പണി പൂർത്തീകരിക്കാൻ കൗൺസിലർ ജോസഫ് ഷെറിയെ മേൽനോട്ടം ഏൽപ്പിച്ചക്കുകയായിരുന്നു.
മാർച്ചിൽ ലോക്ഡൗൺ മൂലം ഒരു മാസത്തോളം പണി നിർത്തിവയ്‌ക്കേണ്ടിവന്നു. നിർമ്മാണ സാമഗ്രികൾ ലഭ്യമാകാതെ വന്നതും ജോലിക്കാരുടെ പ്രശ്നവുമെല്ലാം പ്രതിസന്ധികൾ സൃഷ്ടിച്ചതായി ജോസഫ് ഷെറി പറഞ്ഞു.
90% പണിയും പൂർത്തിയായി. ഈ ഭരണസമിതിയുടെ കാലാവധിക്കുള്ളിൽ പണി പൂർത്തീകരിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് കോൺട്രാക്ടർ പി. ബി. മനാഫും തൊഴിലാളികളും. മുനിസിപ്പൽ സെക്രട്ടറി സുഭാഷും മുൻസിപ്പൽ എൻജിനിയർ സുഭാഷും പിന്തുണയുമായി രംഗത്തുണ്ട്.
പാതാളം ജംഗ്ഷനിൽ ടി.സി.സി കമ്പനിയുടെ 50 സെന്റ് ഭൂമി ടൗൺഹാളിനായി വിലകൊടുത്തു വാങ്ങിയതാണ്. 2009 സെപ്തംബർ 12ന് മന്ത്രി എളമരം കരീം തറക്കല്ലിട്ടു. മൂന്നു കോടി രൂപയ്ക്ക് മനാഫ് പുതിയടത്താണ് 2012ൽ നിർമ്മാണ കരാർ ഏറ്റെടുത്തത്.
2013 ൽ കെട്ടിടത്തിന്റെ സ്ട്രക്ച്ചർ പൂർത്തീകരിച്ചപ്പോഴാണ് എസ്റ്റിമേറ്റിലെ പിഴവ് ശ്രദ്ധയിൽപ്പെട്ടത്. അതോടെ പണി അവതാളത്തിലായി.
പിന്നീട് എസ്റ്റിമേറ്റ് തുക 5 കോടി 38 ലക്ഷം രൂപയായി ഉയർത്തിയത് വിജിലൻസ് കേസിൽ കലാശിച്ചു. കേസിൽ കഴമ്പില്ലെന്ന് കണ്ട് കോടതി നടപടികൾ അവസാനിപ്പിച്ചെങ്കിലും പണി മുന്നോട്ടു പോയില്ല. ഭരണസമിതി നിരവധി തവണ നിർദേശിച്ചെങ്കിലും കരാറുകാരൻ വഴങ്ങിയില്ല.
വ്യവഹാരങ്ങളെ തുടർന്ന് 2019 ആഗസ്റ്റിൽ കരാറുകാരൻ നഗരസഭയുമായി വീണ്ടും കരാർ ഒപ്പുവച്ചു. എങ്കിലും നിർമ്മാണം മന്ദഗതിയിലായിരുന്നു.
ഇടതു പ്രകടന പത്രികയിലെ പ്രധാനവാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മുൻസിപ്പൽ ടൗൺ ഹാൾ നിർമ്മാണം. ഇത് കണക്കിലെടുത്താണ് ജോസഫ് ഷെറിയെ ഈ ദൗത്യം ഏൽപ്പിച്ചത്.
2 കോടി രൂപയുടെ ഇലക്ട്രിക്കൽ, ഫയർ & സേഫ്റ്റി, എയർ കണ്ടീഷൻ പണികൾക്ക് ആഗസ്റ്റിൽ കരാർ വച്ചെങ്കിലും കരാറുകാർ പണികൾ ആരംഭിച്ചിട്ടില്ല. ഒരു മാസത്തിനുള്ളിൽ തന്നെ ഈ പണികളും തീർക്കാനാകുമെന്ന് പ്രതീക്ഷയാണുള്ളതെന്ന് ജോസഫ് ഷെറി പറഞ്ഞു.