വരാപ്പുഴ : വീടിന്റെ അതിർത്തിയിൽ നിന്നിരുന്ന തെങ്ങിന്റെ ഓല വെട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. വരാപ്പുഴ തേവർകാട് കളത്തിപറമ്പിൽ സൽവനാണ് വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ പരുവരപ്പറമ്പ് വീട്ടിൽ ബെന്നി (54) മകൻ നിബി (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ച സൽവന്റെ ഭാര്യയെ കമ്പിവടിക്ക് അടിയേറ്റിട്ടുണ്ട്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സൽവന്റെ തലക്കും കാലിനും സാരമായ പരിക്കുകളുണ്ട്. ബെന്നി മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിന് ഇരുവർക്കുമെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.