തോപ്പുംപടി: പശ്ചിമകൊച്ചിയിൽ വിവിധ ആവശ്യങ്ങൾക്കായി വായ്പ എടുത്തവർക്ക് തിരിച്ചടവിനായി ഫിനാൻസ് കമ്പനികളുടെ ഫോൺ ഭീഷണി. വായ്പ എടുത്ത സ്ത്രീകളുടെ സംഘങ്ങൾക്കാണ് പ്രധാനമായും വിവിധ സ്ഥാപനങ്ങളിലെ കളക്ഷൻ ഏജൻറുമാർ ഭീഷണി മുഴക്കിയിരിക്കുന്നത്. മൊറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ഭീഷണിയുടെ സ്വരം കടുത്തത്.

കൊവിഡ് പ്രതിസന്ധിയിൽ പല കുടുംബങ്ങളും ഏറെ പ്രതിസന്ധിയിലാണ്. ഇനി ഇളവ് നൽകാൻ പറ്റില്ലെന്നുമാണ് ഫിനാൻസ് കമ്പനിക്കാർ പറയുന്നത്.

അയൽക്കൂട്ട മാതൃകയിൽ 10 മുതൽ 15 പേരടങ്ങുന്ന വനിതാസംഘങ്ങൾക്കാണ് ഇവർ പണം നൽകിയിരിക്കുന്നത്. ഇതിൽ ഒരാൾ പണം അടയ്ക്കാൻ താമസം നേരിട്ടാൽ ഗ്രൂപ്പിലെ ബാക്കിയുള്ളവർ ചേർന്ന് അടക്കണമെന്നാണ് ചട്ടം. ഉയർന്ന പലിശ നിരക്കാണ് ഇവർ ഈടാക്കുന്നത്. സൗകരാർത്ഥ്യം ആഴ്ചയിലോ മാസത്തിലോ പണം തിരിച്ചടക്കണമെന്നാണ് മറ്റൊരു ചട്ടം. എന്നാൽ കഴിഞ്ഞ 6 മാസക്കാലമായി കൊച്ചിയിലെ പലരും ജോലിക്ക് പോകാൻ കഴിയാതെ അടച്ചുപൂട്ടലിൽ കഴിയുകയാണ്.