മൂവാറ്റുപുഴ: വെഞ്ഞാറമൂടിൽ രണ്ട്ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്ത കരിദിനം മൂവാറ്രുപുഴയിൽ 166 കേന്ദ്രങ്ങളിൽ ആചരിച്ചു. സി.പി.എം ബ്രാഞ്ച് കമ്മറ്റികലുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു കരിദിനാചരണം സംഘടിപ്പിച്ചത്. കൊലചെയ്യപ്പെട്ട ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നിവരുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. ശേഷം ഓരോകേന്ദ്രങ്ങളിലും കരിദിനാചരണത്തോടനുബന്ധിച്ചുള്ള യോഗം ചേർന്നു. മൂവാറ്രുപുഴ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ട് കേന്ദ്രങ്ങളിൽ കരിദിനാചരണവും യോഗവും നടന്നു . മൂവാറ്രുപുഴ എസ്.എൻ.ഡി.പി. ജംഗ്ഷനിൽ നടന്ന കരിദിനാചരണ യോഗം സി.പി.എം സംസ്ഥാന കമ്മറ്റി മെമ്പർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സിന്ധു ഷൈജു അദ്ധ്യക്ഷത വഹിച്ചു. എസ്തോസ് ഭവന് മുന്നിൽ നടന്ന കരിദിനാചരണത്തിൽ ജില്ലാ സെക്രട്ടറിയേറ്ര് മെമ്പർമാരായ പി.ആർ. മുരളീധരൻ , അഡ്വ. പി.എം. ഇസ്മായിൽ , ഏരിയ സെക്രട്ടറി എം.ആർ.പ്രഭാകരൻ എന്നിവർ പങ്കെടുത്തു. വിവധ ബ്രാഞ്ച് കേന്ദ്രങ്ങളിൽ നടന്ന കരിദിനാചരണത്തിൽ ഏരിയ ലോക്കൽ നേതാക്കൾ പങ്കെടുത്തു.