ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന ഒരാളുടെ രക്ഷിതാവാകാൻ ആർക്കാണ് യോഗ്യത ? ഈ ചോദ്യത്തിന് മുംബയ് ഹൈക്കോടതി ഒരുത്തരം നൽകുന്നു. കോമ സ്റ്റേജിൽ കഴിയുന്ന ഒരാളുടെ രക്ഷിതാവാകാൻ അയാളുടെ ഭാര്യയാണ് ഏറ്റവും അനുയോജ്യയെന്നാണ് ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ, ജസ്റ്റിസ് മിലിന്ദ്. എൻ. യാദവ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ. അപൂർവമായൊരു ഹർജിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഡിവിഷൻ ബെഞ്ചിനെ നയിച്ചത്. മുംബയ് സ്വദേശിനിയായ രജനി ശർമ്മയാണ് ഹർജിക്കാരി. ഭർത്താവ് ഹരി ഒാം ശർമ്മ ഒരു ബിസിനസുകാരനാണ്. ഐ.ടി മേഖലയിലുൾപ്പെടെ ബിസിനസ് സ്ഥാപനങ്ങളുള്ള ഹരി ഓം ശർമ്മ 2018 നവംബർ 15 ന് ജോഗിംഗിനിടെ കാർഡിയാക് അറസ്റ്റിനെത്തുടർന്ന് കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും അദ്ദേഹം കോമ സ്റ്റേജിലായി. സുദീർഘമായ ആശുപത്രി വാസം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന നിലയിലായി. രണ്ടു മക്കളും ഭർതൃമാതാവും ഭർത്താവും ഉൾപ്പെടുന്ന കുടുംബത്തിന്റെ കാര്യങ്ങൾ നോക്കാൻ ഭർത്താവിന്റെ അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ അനുവദിക്കണമെന്നും സാമ്പത്തിക ഇടപാടുകൾക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രജനി ശർമ്മ ബാങ്കിനെ സമീപിച്ചു. എന്നാൽ ഇത്തരമൊരു ആവശ്യം അനുവദിക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതർ ആവശ്യം നിരസിച്ചു. തുടർന്നാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
വൈവാഹിക ജീവിതത്തിൽ ഭാര്യയ്ക്കും ഭർത്താവിനും തുല്യപങ്കാണുള്ളതെന്നും ഭർത്താവ് കോമ സ്റ്റേജിൽ ആയാൽ രക്ഷിതാവാകാൻ ഏറ്റവും അനുയോജ്യയായത് ഭാര്യയാണെന്നും ഈ ഹർജിയിലാണ് മുംബയ് ഹൈക്കോടതി വിധി പറഞ്ഞത്. ആ നിലയ്ക്ക് ഹരി ഓം ശർമ്മയുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ഭാര്യയെ അനുവദിക്കണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മാറ്റുന്ന ഭർത്താവിന് മാത്രമായി പ്രത്യേകം മുറിയും മെഡിക്കൽ ഉപകരണങ്ങളും സജ്ജമാക്കണമെന്നും കുടുംബത്തിന്റെ ചെലവ് കഴിയണമെന്നുമുള്ള ഹർജിക്കാരിയുടെ ആവശ്യം ന്യായമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോമ സ്റ്റേജിലുള്ള ഒരാളെ ഭിന്നശേഷിക്കാരനായി കണക്കാക്കാൻ വ്യവസ്ഥയില്ല. മൈനറായി കണക്കാക്കാനും നിയമ വ്യവസ്ഥയനുസരിച്ച് കഴിയില്ല. കോമ സ്റ്റേജിലുള്ളവരുടെ സംരക്ഷണത്തിനായി ഗാർഡിയനെ നിയമിക്കാൻ ഇന്ത്യയിൽ നിയമ നിർമ്മാണം ഉണ്ടായിട്ടില്ലെന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സമാനമായ മറ്റൊരു കേസിൽ കേരള ഹൈക്കോടതി ഗാർഡിയനെ നിയമിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോമ സ്റ്റേജിൽ കഴിയുന്ന ഹരി ഓം ശർമ്മയുടെ ക്ഷേമത്തിനു വേണ്ടി ഹർജിക്കാരി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ മഹാരാഷ്ട്ര ലീഗൽ സർവീസ് അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുമുണ്ട്. രണ്ടു വർഷത്തേക്ക് മൂന്നു മാസം കൂടുമ്പോൾ ഇതു സംബന്ധിച്ച റിപ്പോർട്ട് മെമ്പർ സെക്രട്ടറി ഹൈക്കോടതിക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു.
ജീവിതത്തിലേക്ക് ഒരു ഫോൺ കോൾ
ആത്മഹത്യ ഒരു നിമിഷത്തെ ധൈര്യത്തിൽ നിന്ന് രൂപമെടുക്കുന്നതാണെന്ന് പറയാറുണ്ട്. പ്രത്യേകിച്ച് ഈ ലോക്ക് ഡൗൺ കാലത്ത് തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, രോഗഭയം ഇങ്ങനെ പല കാരണങ്ങളും ആത്മഹത്യയിലേക്ക് വ്യക്തിയെ നയിക്കുന്ന സാഹചര്യവുമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഒരു ഹർജി ആഗസ്റ്റ് 28 ന് ഹിമാചൽ പ്രദേശ് ഹൈക്കോടതി പരിഗണിച്ചിരുന്നു. ആത്മഹത്യയിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ആക്ടീവ് ആന്റി സൂയിസൈഡ് ഹെൽപ് ലൈൻ സർക്കാർ തുടങ്ങണമെന്നായിരുന്നു നിയമവിദ്യാർത്ഥിയായ തുഷാർ സിംഗ് എന്ന ഹർജിക്കാരന്റെ ആവശ്യം. ആശയം ഹൈക്കോടതിക്കും ഉചിതമാണെന്ന് തോന്നി. മൂന്നാഴ്ചയ്ക്കകം സർക്കാർ ഒരു ഹെൽപ് ലൈൻ സംവിധാനം ഉണ്ടാക്കാൻ ജസ്റ്റിസ് സുരേശ്വർ താക്കൂർ, ജസ്റ്റിസ് ചന്ദർ ഭൂഷൺ ബറോവാലിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവും നൽകി. എല്ലാ ഹിന്ദി, ഇംഗ്ളിഷ് ദിനപത്രങ്ങളിലും ഈ ഫോൺ നമ്പരുകൾ പരസ്യമായി നൽകണം. ഒൗദ്യോഗിക മാദ്ധ്യമങ്ങൾ വഴി ഇത്തരമൊരു സംരംഭത്തിന് പ്രചാരണം നൽകണം. അതുവഴി പൊതുജനങ്ങളിലേക്ക് ഈ സംവിധാനം എത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് ഹിമാചലിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യ തടയാൻ കഴിയുന്നില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. തൊഴിലില്ലായ്മയാണ് ആത്മഹത്യ പെരുകാനുള്ള കാരണമെന്നും യുവാക്കളാണ് ആത്മഹത്യയ്ക്ക് ഏറെയും ഇരകളാവുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. സർക്കാരിതര സംഘടനകളുമായി ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സംവിധാനം വേണം, സൈക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും സേവനം ഇതിലൂടെ ലഭ്യമാക്കണം തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യങ്ങൾ.