
ആലുവ: ആലുവയിൽ രണ്ട് ചാക്കുകളിലായി 35 കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായ മൂന്നംഗ സംഘം അന്തർ സംസ്ഥാന കഞ്ചാവ് മാഫിയയിലെ മുഖ്യകണ്ണികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായവരിൽ രണ്ടുപേർ നേരത്തെ പത്ത് കിലോ കഞ്ചാവുമായി പാലക്കാട് പൊലീസിന്റെ പിടിയിലായവരാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കഞ്ചാവ് കച്ചവടം ആരംഭിച്ചത്. ഒരാൾ കള്ളനോട്ട് കേസിലും പ്രതിയാണ്. കഞ്ചാവ് കടത്തിയ ലോറിയുടെ ഉടമയെ തേടി എക്സൈസ് തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്.
കോഴിക്കോട് കല്ലായി കുണ്ടുങ്ങൽ രാമനാട്ടുകര ജലീൽസ് വീട്ടിൽ കെ.ആർ. ഹക്കീം (23), പട്ടാമ്പി വല്ലപ്പുഴ പുളിക്കൽ വീട്ടിൽ അഹമ്മദ് കബീർ (32), ഒറ്റപ്പാലം ഷൊർണൂർ കണയംകരയിൽ വെട്ടിക്കാട്ടിൽ വീട്ടിൽ ജാഫർ അലി (33) എന്നിവരാണ് ചൊവ്വാഴ്ച രാത്രി ആലുവ അൻവർ ആശുപത്രിക്ക് സമീപത്ത് നിന്നും എക്‌സൈസിന്റെ പിടിയിലായത്. കഞ്ചാവ് കടത്തിയ നാഷണൽ പെർമിറ്റ് ലോറിയും കസ്റ്റഡിയിലെടുത്തിരുന്നു. ആന്ധ്രാപ്രദേശിലെ രാജമുദ്രിയിൽ നിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളത്തുള്ള ഇടപാടുകാരന് നൽകാൻ കൊണ്ടുവന്നതാണ്.
ലോറിയുടെ കാബിനിൽ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വെച്ചിരുന്നത്. ഇതിന് മുൻപും ലോറിയിൽ മൂവരും കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോറി ഉടമയായ തൃശൂർ ചേലക്കര സ്വദേശി ഷമീർ ബാബുവാണ് കഞ്ചാവ് വാങ്ങാൻ ഇവർക്ക് ഒന്നേകാൽ ലക്ഷം രൂപ നൽകിയതെന്ന് പ്രതികൾ മൊഴി നൽകി. ഇയാൾ ഒളിവിലാണ്.
ആന്ധ്രയിൽ നിന്ന് ആറ് ലക്ഷം രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് 28 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചാണ് കൊച്ചിയിൽ എത്തിച്ചു നൽകുന്നത്. വേറെ ചരക്കുകൾ ഒന്നുമെടുക്കാതെ കഞ്ചാവ് കടത്തുന്നതിന് വേണ്ടി മാത്രമാണ് ലോറി ഓടിയിരുന്നതെന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ ജാഫർ അലിയും അഹമ്മദ് കബീറുമാണ് പത്ത് കിലോ കഞ്ചാവുമായി പാലക്കാട് പൊലീസിന്റെ പിടിയിലായവർ. ആറ് മാസം മുൻപ് കള്ളനോട്ട് കേസിൽ ജാഫർ അലി പാലക്കാട് പൊലീസിന്റെ പിടിയിലായിരുന്നു. ഇതിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ലോറിയിൽ കഞ്ചാവ് കടത്താൻ ആരംഭിച്ചത്.
ഓണം സ്പെഷ്യൽ ഡ്രൈവ്
ഓണത്തോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കഞ്ചാവ് മാഫിയ കുടുങ്ങിയത്.
എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാറിന്റെയും എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ശശികുമാറിന്റെയും നിർദേശാനുസരണം ആലുവ എക്‌സൈസ് സർക്കിൾ ടീമാണ് കഞ്ചാവ് ലോറി പിടികൂടിയത്. ഇൻസ്‌പെക്ടർ സോജൻ സെബാസ്റ്റ്യൻ, പ്രിവന്റീവ് ഓഫീസർമാരായ സി.ബി. രഞ്ചു, കെ.എച്ച്. അനിൽകുമാർ, പി.കെ. ഗോപി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, പി.എസ്. ബസന്ത്കുമാർ, പി.ജി. അനൂപ്, അഖിൽ, സജോ വർഗീസ് എന്നിവർ പരിശോധക സംഘത്തിലുണ്ടായിരുന്നു.