കൊച്ചി : പട്ടയഭൂമിയിലെ മരംമുറിക്ക് പെർമിറ്റ് ലഭിച്ചവർക്ക് വ്യവസ്ഥകൾ പാലിച്ച് മരം മുറിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ കൈവശക്കാർക്ക് മുറിക്കാൻ അനുമതി നൽകുന്ന റവന്യൂ വകുപ്പിന്റെ ഉത്തരവിനെതിരെ തൃശൂരിലെ വൺ എർത്ത് വൺ ലൈഫ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഇതേ ഹർജിയിൽ റവന്യൂ വകുപ്പിന്റെ ഉത്തരവ് നേരത്തേ ഡിവിഷൻബെഞ്ച് സ്റ്റേ ചെയ്തിരുന്നു. തുടർന്ന് ഹർജിയിൽ കക്ഷിചേരാൻ ഇടുക്കിയിലെ അതിജീവന പോരാട്ടവേദി ഉൾപ്പെടെയുള്ളവർ അപേക്ഷ നൽകി. പട്ടയഭൂമിയിലെ വീടുകൾക്ക് മുകളിലേക്കു ചാഞ്ഞ മരങ്ങളും കൃഷിക്ക് തടസമാകുന്ന മരങ്ങളും മുറിക്കാൻ നിയമപ്രകാരം പെർമിറ്റ് തങ്ങൾക്കുണ്ടെന്ന് കക്ഷി ചേരാൻ അപേക്ഷ നൽകിയവർ വ്യക്തമാക്കി.
ഇത്തരത്തിൽ നിയമപ്രകാരം അധികൃതർ പെർമിറ്റ് നൽകിയിട്ടുണ്ടെങ്കിൽ മരംമുറിക്കാൻ ഹർജിക്കാർക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. തുടർന്നാണ് പെർമിറ്റ് ലഭിച്ചവർക്ക് ഇതിലെ വ്യവസ്ഥകൾ പാലിച്ച് മരംമുറിക്കാൻ അനുമതി നൽകുന്ന തരത്തിൽ സ്റ്റേ ഉത്തരവ് പരിഷ്കരിച്ചത്. ഹർജി 16ന് വീണ്ടും പരിഗണിക്കും.