കൊച്ചി: കൊവിഡ് കാലത്ത് വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് കൂട്ടമായി പരിശീലനം നൽകുന്നത് ഒഴിവാക്കി എക്സൈസ് മാതൃകയിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം അധികൃതർ ചെവിക്കൊണ്ടില്ലെന്ന് പരാതി. രണ്ടു കേന്ദ്രങ്ങളിൽ ഈ മാസം ഏഴിനാരംഭിക്കുന്ന പരിശീലനത്തിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയെങ്കിലും അനുകൂല നടപടികൾ സ്വീകരിച്ചിട്ടില്ല.
കൊവിഡ് സമ്പർക്ക വ്യാപനത്തെ തുടർന്ന് നിറുത്തിവച്ച പരിശീലനമാണ് പുനരാരംഭിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ അരിപ്പ, പാലക്കാട് ജില്ലയിലെ വാളയാർ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. പരിശീലനത്തിൽ ജീവനക്കാർ ആശങ്ക പ്രകടിപ്പിച്ചത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
പ്രായോഗിക പരിശീലനങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ തിയറി ക്ളാസുകൾ ഓൺലൈനിൽ നടത്തണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ്, കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ, കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ എന്നിവ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
എക്സൈസ് മാതൃക
എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി തസ്തികകളിൽ ആശ്രിതനിയമനം ലഭിച്ചവരുടെ പരിശീലനം കൊവിഡ് മൂലം ഓൺലൈനിലാക്കിയിരുന്നു. 180 ദിവസം വരെ നീളുന്ന പരിശീലനം
എക്സൈസ് അക്കാഡമിയിലാണ്. പരിശീലനം വൈകുന്നത് മൂലം ജോലിയിൽ കയറാൻ കഴിയാത്തത് ഒഴിവാക്കാനാണ് ഓൺലൈൻ പരിശീലനത്തിന് തീരുമാനിച്ചത്. ഇൻഡോർ ക്ളാസുകൾ ഓൺലൈനിൽ ആരംഭിക്കുകയും ചെയ്തു. വിവിധ വിഷയങ്ങളിൽ റെക്കാർഡ് ചെയ്യുന്ന ക്ളാസുകൾ യു ട്യൂബിൽ അപ്‌ലോഡ് ചെയ്ത് ലിങ്ക് നൽകും.
നിവേദനങ്ങൾ പാഴായി
ബീറ്റ് ഓഫീസർ പരിശീലന പരിപാടിയും എക്സൈസ് മാതൃകയിൽ നടത്താമെന്ന് സംഘടനകൾ പറയുന്നു. മാർച്ച് വരെ നടന്ന പരിശീലനത്തിൽ കായികമായ അറിവ് ലഭിച്ചിട്ടുണ്ട്. തിയറി ക്ളാസുകളാണ് ബാക്കി. ചില വനകേന്ദ്രങ്ങൾ സന്ദർശനം ഉൾപ്പെടെ പുറത്തുപോകേണ്ടവ കാര്യമായില്ല.
കേന്ദ്ര സർക്കാരിന്റെ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളിൽ പരിശീലന പരിപാടികൾ ഡിജിറ്റൽ, ഓൺലൈൻ, വെർച്വൽ രീതികളിലേതിലെങ്കിലും മതിയെന്ന് നിർദ്ദേശിക്കുന്നുണ്ട്.
എം. മനോഹരൻ, ജനറൽ സെക്രട്ടറി
കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പരിശീലനം താൽക്കാലികമായി മാറ്റിവച്ച് ട്രെയിനികളെ സ്വന്തം സ്ഥലത്ത് ജോലി ചെയ്യാൻ അനുവദിക്കണം.
ബി.എസ്. ഭദ്രകുമാർ
ജനറൽ സെക്രട്ടറി
ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ്