yuvamorcha
മുഖ്യന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ആലുവയിൽ സംഘടിപ്പിച്ച സിവിൽ സ്റ്റേഷൻ മാർച്ച് തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്ന സമരക്കാർ.

ആലുവ: സ്വർണക്കള്ളക്കടത്ത് കേസിലും പി.എസ്.സി തട്ടിപ്പ് കേസിലും പ്രതികളെ സംരക്ഷിക്കുന്ന മുഖ്യന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ആലുവയിൽ സംഘടിപ്പിച്ച സിവിൽ സ്റ്റേഷൻ മാർച്ചിൽ സംഘർഷം. അഞ്ച് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ് ഉൾപ്പെടെ 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 45 പേർക്കെതിരെ കേസെടുത്തു. നൂറോളം പ്രവർത്തകർ പങ്കെടുത്ത മാർച്ച് സിവിൽ സ്റ്റേഷന് മുമ്പിൽ പെരുമ്പാവൂർ ഡിവൈ.എസ്.പി ബിജുമോന്റെ നേതൃത്വത്തിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പലവട്ടം പൊലീസും സമരക്കാരും തമ്മിൽ ബലപ്രയോഗം നടന്നു. റോഡിൽ കുത്തിയിരുന്നവരെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോഴാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. വിമുഖത കാണിച്ച നേതാക്കളായ ദിനിൽ ദിനേശ്, എം.എസ്. വൈശാഖ്, ജയപ്രകാശ് കുന്നത്തേരി, അരുൺ കീഴ്മാട്, കണ്ണൻ തുരുത്ത് എന്നിവർക്ക് മർദ്ദനമേറ്റു.

സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, രൂപേഷ് മാധവൻ, കെ.ജി. ഹരിദാസ് എന്നിവർ സംസാരിച്ചു.പി.എസ്. വിനായക്, വി.ആർ. സുജിത്, ഹരീഷ് തേവക്കൽ, സുമിത് സജീവ്, വിനൂപ് ചന്ദ്രൻ, നിഖിൽ നൊച്ചിമ, ശ്രേയസ് കരിയാട് തുടങ്ങിയവർ നേതൃത്വം നൽകി.