green

കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൈവവൈവിധ്യവും പരിസ്ഥിതി ബോധവും വളർത്തുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷനും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 'ഗ്രീൻ കാമ്പസ് ചലഞ്ച്' സംഘടിപ്പിക്കുന്നു.

ഗ്രീൻ സ്റ്റാർട്ടപ്പുകൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം മത്സരമുണ്ട്. സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കാമ്പസുകളിലെ ജൈവവൈവിദ്ധ്യം പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.

വിദ്യാർത്ഥികൾക്ക് ഒറ്റയ്‌ക്കോ സംഘമായോ ഇതിന്റെ ഭാഗമാകാം. നിശ്ചിതസ്ഥലം പൂർണമായും ഉപയോഗപ്പെടുത്തി തൈകൾ നടുകയും പരിപാലിക്കുകയും ചെയ്യുക, തൈകളെ സെൻസറുകളുടെ സഹായത്തോടെ നിരീക്ഷിക്കുകയും വളർച്ച ഉറപ്പുവരുത്തുകയും ചെയ്യുക, പുതുതലമുറ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂപ്രദേശം രൂപകൽപ്പന ചെയ്യുക, കാർബൺ ക്രെഡിറ്റ്, ഗ്രീൻ അക്രഡിറ്റേഷൻ, പ്രശംസാപത്രങ്ങൾ എന്നിവയുമായി പദ്ധതികൾ ബന്ധപ്പെടുത്തുക തുടങ്ങിയവ മത്സരാർത്ഥികൾക്ക് ഏറ്റെടുക്കാം.

സാമ്പത്തികസഹായം കാമ്പസ് ഗ്രീൻ പദ്ധതിയിലൂടെ ലഭിക്കും.

അനുബന്ധലക്ഷ്യങ്ങൾ

# കാമ്പസിൽ നിന്നുള്ള അപേക്ഷകൾ പരിഗണിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ സുസ്ഥിര ഹരിതപദ്ധതികൾ രൂപപ്പെടുത്തിയെടുക്കുക

# ജൈവവൈവിദ്ധ്യവും പരിസ്ഥിതി സംരക്ഷണ പരിപാടികളും കാമ്പസിനുള്ളിൽ നടത്തുന്നതിനുള്ള പ്രായോഗികമാർഗങ്ങൾ മുന്നോട്ടുവയ്ക്കുക

# പാരിസ്ഥിതികസംരക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുക

# പരിസ്ഥിതി സാക്ഷരത, കാഴ്ചപ്പാടിലെ സ്വാധീനം, സാമൂഹിക ഇടപെടലുകൾ, ഹരിത പ്രവർത്തനങ്ങളിലെ പരിശീലന-വിജ്ഞാനപ്രദമായ അവസരങ്ങൾ വർധിപ്പിക്കുക

അവസാനതീയതി

മത്സരത്തിൽ പങ്കെടുക്കാനുള്ള അവസാന തിയതി സെപ്തംബർ 20.

വിവരങ്ങൾക്ക്:

https://campusgreen.startupmission.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

യോഗ്യത

സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂതനാശയമുള്ള വിദ്യാർത്ഥി അല്ലെങ്കിൽ വിദ്യാർത്ഥി സംഘങ്ങൾക്കും ഹരിത മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും അപേക്ഷിക്കാം. അതത് സ്ഥാപനങ്ങളിലെ അദ്ധ്യാപകരെ പദ്ധതിയുടെ മേൽനോട്ടത്തിനായി നിയോഗിക്കും.

3 ഏക്കർ 2 വർഷം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കാമ്പസിനുള്ളിൽ 3 ഏക്കർസ്ഥലം ജൈവ പദ്ധതിയ്ക്കായി നൽകും. 2 വർഷംകൊണ്ട് ഇവിടം രൂപകൽപ്പനചെയ്ത്, വികസിപ്പിച്ച് പരിപാലിക്കണം. പദ്ധതിയ്ക്കാവശ്യമായ സാമ്പത്തികസഹായം, വിദഗ്ദ്ധോപദേശം, സാങ്കേതികസഹായം എന്നിവ ലഭ്യമാകും.