കൊച്ചി: ഔദ്യോഗികവാഹനം സ്വകാര്യവ്യക്തിക്ക് വിറ്റതിൽ ക്രമക്കേടുണ്ടെന്ന ആരോപണം മേയർ സൗമിനി ജെയിൻ നിഷേധിച്ചു. കഴിഞ്ഞആഴ്ച പ്രസിദ്ധീകരിച്ച 2018-19 ലെ ഓഡിറ്റ് റിപ്പോർട്ടിൽ ഇതു സംബന്ധിച്ച് പരാമർശം വന്നതോടെയാണ് വാഹനമാറ്റം വിവാദമായത്. സർക്കാരിന്റെ അനുമതിയോടെയാണ് വാഹനം ലേലംചെയ്ത് വിറ്റതെന്ന് മേയർ പറഞ്ഞു.
രണ്ടുതവണയുണ്ടായ തുടർച്ചയായുള്ള അപകടങ്ങളിൽ പഴയ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഒരിക്കൽ തിരുവനന്തപുരത്തേക്കുള്ള ഔദ്യോഗിക യാത്രയ്ക്കിടെ വാഹനത്തിന് തകരാർ സംഭവിച്ചതോടെ ദീർഘദൂരയാത്രയ്ക്ക് വാഹനത്തെ ആശ്രയിക്കാൻ ധൈര്യമില്ലാതായി. ഈ സാഹചര്യത്തിലാണ് പുതിയ വാഹനം വാങ്ങണമെന്ന നിർദേശമുണ്ടായത്. കൗൺസിൽ അനുമതിയോടെയാണ് പുതിയവാഹനം വാങ്ങാൻ തീരുമാനമെടുത്തത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് വാഹനം വിറ്റത്. എന്നാൽ ഇക്കാര്യം ഓഡിറ്റ് വിഭാഗത്തെ ധരിപ്പിക്കുന്നതിൽ പിഴവുവന്നതുകൊണ്ടാണ് തെറ്റായ പരാമർശം ഉണ്ടായത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ ഉദ്യോഗസ്ഥർക്ക് ഓഡിറ്റ് വിഭാഗത്തിന്റെ വിശദീകരണങ്ങൾക്ക് കൃത്യസമയത്ത് മറുപടി നൽകാൻ കഴിഞ്ഞില്ല. ഇക്കാര്യത്തിൽ തിരുത്തൽ വരുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മേയർ വ്യക്തമാക്കി.