കൊച്ചി : പരിസ്ഥിതി സംരക്ഷണവും വികസനവും ഒരുമിച്ച് സാദ്ധ്യമാണെന്ന് നോർവെ മുൻ പരിസ്ഥിതി മന്ത്രിയും മുൻ യു.എൻ അണ്ടർ സെക്രട്ടറി ജനറലുമായ എറിക് സോളെം അഭിപ്രായപ്പെട്ടു. ഗ്രീൻസ്റ്റോം ഫൗണ്ടേഷൻ സംഘടിപ്പിച്ച ഫോട്ടോഗ്രഫി പ്രദർശനം ഒാൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ഇത്തവണ 52 രാജ്യങ്ങളിൽ നിന്നായി എൻട്രികൾ ലഭിച്ചെന്നും പ്രദർശനിത്തിന് അന്താരാഷ്ട്ര മാനം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും സംഘടനയുടെ മാനേജിംഗ് ട്രസ്റ്റി ദിലീപ് നാരായണൻ പറഞ്ഞു. ട്രസ്റ്റ് അംഗങ്ങളായ ജോർജ് കോര, അനിൽ മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ രഞ്ജൻ പാണ്ഡ, ലതിക നാഥ്, അഡ്വർട്ടൈസിംഗ് ഗുരു പ്രതാപ് സുതൻ എന്നിവരുൾപ്പെട്ട ജൂറിയാണ് 6811 ചിത്രങ്ങളിൽ നിന്ന് പ്രദർശനത്തിനുള്ള 30 ഫോട്ടോകൾ തിരഞ്ഞെടുത്തത്. www.greenstorm.green എന്ന വെബ്സൈറ്റിൽ നടക്കുന്ന ചിത്രപ്രദർശനത്തിൽ വോട്ടിംഗിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ആദ്യ മൂന്നു വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡുകൾ നൽകും.