കൊച്ചി: കൊവിഡ് റിലീഫ് പദ്ധതികളുടെ ഭാഗമായി റോട്ടറി ഡിസ്ട്രിക്ട് 3201 ആരോഗ്യ പ്രവർത്തകർക്കായി 70,000 എൻ- 95 മാസ്‌കുകൾ വിതരണം ചെയ്യുന്ന പരിപാടി എറണാകുളം ജനറൽ ആശുപത്രിയിൽ ഹൈബി ഈഡൻ എം.പി ആശുപത്രി സൂപ്രണ്ട് ഡോ. അനിതക്ക് നൽകി ഉദ്ഘാടനം ചെയ്‌തു. കൊവിഡ് ചികിത്സാരംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് വേണ്ടി നിർമിച്ച ഏറ്റവും ഉയർന്ന നിലവാരമുള്ള ഈ മാസ്‌കുകൾ 70 ലക്ഷം രൂപാ ചെലവിലാണ് റോട്ടറി പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോയമ്പത്തൂർ എന്നീ ജില്ലകളിലെ ആശുപതികൾക്കു നൽകുന്നത്. റോട്ടറി ഗവർണർ ജോസ് ചാക്കോ, മുൻ ഗവർണർ ആർ. മാധവ്ചന്ദ്രൻ, നിയുക്ത ഗവർണർ എസ്. രാജ്‌മോഹൻ നായർ, ആശുപത്രി ഉപദേഷ്ടാവ് ഡോ. ജുനൈദ് റഹ്മാൻ എന്നിവർ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമായി അടുത്ത ആഴ്ച 40 ലക്ഷം രൂപ വിലയുള്ള 10,000 പി.പി.ഇ കിറ്റുകളും ആശുപത്രികൾക്ക് റോട്ടറി വിതരണം ചെയ്യും. കഴിഞ്ഞ മേയിൽ വിതരണം ചെയ്ത 'ഒരു മില്യൺ സർജിക്കൽ മാസ്‌കുകൾ' എന്ന പദ്ധതിയുടെ തുടർച്ചയായിട്ടാണ് പദ്ധതികളെന്ന് മാധവ്ചന്ദ്രൻ അറിയിച്ചു.