നെടുമ്പാശേരി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 23 ലക്ഷം രൂപ ചെലവഴിച്ച് മടത്തിമൂല ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർത്ഥ്യമാക്കി. ചെങ്ങമനാട് പഞ്ചായത്ത് ഏഴാം വാർഡ് മടത്തിമൂലയിൽ പൂർണമായും എട്ടാം വാർഡ് കപ്രശ്ശേരിയിൽ ഏതാനും ഭാഗങ്ങളിലും കൃഷിയാവശ്യത്തിന് വെള്ളം എത്തിക്കുന്നതാണ് പദ്ധതി.
മൂന്ന് ഘട്ടങ്ങളിലായി പാറക്കടവ് ബ്‌ളോക്ക് പഞ്ചായത്താണ് പണം അനുവദിച്ചത്. ചെങ്ങൽത്തോടിന് സമീപം പദ്ധതിക്കായി കടുത്ത വേനലിലും നീരുറവ ലഭിക്കുന്ന ആഴമേറിയ കിണറും 10 എച്ച്.പിയുടെ മോട്ടോറും ഷെഡും ശാസ്ത്രീയമായ രീതിയിൽ പൈപ്പുകളും സ്ഥാപിച്ചു. വിവിധ പ്രദേശങ്ങളിലെ പറമ്പുകളിലൂടെ ജലമൊഴുക്കി കാർഷിക രംഗം വിപുലപ്പെടുത്തുന്നതാണ് പദ്ധതി. കെ.എസ്.ഇ.ബി പദ്ധതിക്ക് വൈദ്യുതി സൗജന്യമായി അനുവദിച്ചു. പരമ്പരാഗത കർഷകർ ഏറെയുള്ള പ്രദേശത്ത് ജലലഭ്യത കുറവിനെ തുടർന്ന് പലരും കാർഷിക രംഗത്ത് നിന്ന് പിന്മാറുന്ന സ്ഥിതിയായിരുന്നു. ഇതത്തേുടർന്നാണ് കർഷകരടങ്ങുന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ബ്‌ളോക്ക് പഞ്ചായത്ത് 'മടത്തിമൂല ഇറിഗേഷൻ പദ്ധതി' ആവിഷ്‌ക്കരിക്കുകയായിരുന്നു.
അൻവർസാദത്ത് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സരള മോഹനൻ, ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖരവാര്യർ, ബ്‌ളോക്ക് പഞ്ചായത്തംഗം രാജേഷ് മടത്തിമൂല, ഗ്രാമപഞ്ചായത്തംഗം ജെർളി കപ്രശ്ശേരി, എ.എ അബ്ദുറഷീദ്, നൗഷാദ് പാറപ്പുറം, നർഷ യൂസഫ്, അൻവർ പുറയാർ, കർഷക പ്രതിനിധികളായ പി.കെ മനോജ്, ബഷീർ പതുമല, മജീദ് മേപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.