കോലഞ്ചേരി: കൊവിഡിനിടയിലെ ഓണവും കൈവിട്ടതോടെ ജീവിതം തുന്നിച്ചേർക്കാനാവാതെ കഷ്ടപ്പെടുകയാണ് തയ്യൽ തൊഴിലാളികൾ. തയ്യലിനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളിപ്പോൾ പട്ടിണിയുടെ ദുരിതക്കയത്തിലാണ്. സ്വന്തമായി തയ്യൽക്കട നടത്തിയിരുന്നവർ വരുമാനമില്ലാതായതോടെ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു. ജീവിക്കാനാള്ള മാർഗം തേടി പലരും റോഡിലിറങ്ങി ഭക്ഷണ സാധനങ്ങൾ ഉൾപ്പടെ വില്പനിയിലുമാണ്. അളവെടുക്കാനും മ​റ്റുമായി അടുത്ത് ഇടപഴകേണ്ടി വരുന്നതിനാൽ തുണി തയ്ക്കാൻ കൊടുക്കാൻ ആളുകൾക്ക് പേടിയാണ്. മാസങ്ങളായി ഒരു പീസ് തുണിപോലും തയ്ക്കാൻ കിട്ടാത്തവരുണ്ട്. വരുമാനം നിലച്ചതോടെ കെട്ടിട വാടകയും വൈദ്യുതിബില്ലും ഉൾപ്പെടെയുള്ളവ നൽകാൻ കഴിയാതെ വന്നതോടെയാണ് പല തയ്യൽക്കടകളും അടച്ചത്. ചിലത് നാമ മാത്രമായേ പ്രവർത്തിക്കുന്നുള്ളു. ജോലി ഉപേക്ഷിച്ച് കെട്ടിടം പണിക്കും ഹോട്ടൽ ജോലിക്കുമൊക്കെ പോകാൻ തുടങ്ങിയവരുമുണ്ട്. വീട്ടിൽതന്നെ മ​റ്റ് ജോലികൾക്കൊപ്പം തയ്യൽജോലി ചെയ്യുന്ന സ്ത്രീകളും ഒട്ടേറേയുണ്ട്. കൊവിഡ് നിയന്ത്റണങ്ങൾ ഇവരുടെ ജീവിതവും വഴി മുട്ടിച്ചിരിക്കുകയാണ്.

തുണിക്കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും വില്പന കുറവാണ്. തയ്യൽ തൊഴിലാളികൾക്ക് കൊവിഡ് ദുരിതാശ്വാസമായി 1000 രൂപയാണ് സഹായം ലഭിച്ചത്. ക്ഷേമനിധിയിൽനിന്നും സർക്കാരിൽ നിന്നും ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ സംരക്ഷിക്കുന്നതിനായി കൂടുതൽ സഹായങ്ങളുണ്ടാകണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

സ്കൂൾ സീസൺ കൊവിഡ് തകർത്തു

സ്‌കൂൾ തുറക്കുന്ന സീസണിലാണ് തയ്യൽ തൊഴിലാളികളുടെ ഒരു വർഷത്തെ പ്രതീക്ഷ മുഴുവൻ. വിദ്യാർത്ഥികളുടെ യൂണിഫോം തയ്ക്കുന്നത് നല്ല വരുമാനം നൽകിയിരുന്നു. ഇതിനാൽ മേയ് മുതൽ ജൂലായ് വരെ തയ്യൽ തൊഴിലാളികൾക്ക് തിരക്കേറിയ സമയമായിരുന്നു. മിക്കവരും ഒരു വർഷത്തേക്കുള്ള വരുമാന നീക്കിയിരിപ്പുണ്ടാക്കുന്നത് ഈ സമയത്താണ്. ഇത്തവണ സ്‌കൂൾ തുറക്കാത്തതിനാൽ ഈ വരുമാനം ഇല്ലാതായി.

ആഘോഷദിവസങ്ങളിലും തിരിച്ചടി

വിഷു, ഈസ്​റ്റർ, പെരുന്നാൾ, ഓണം തുടങ്ങിയ ആഘോഷങ്ങൾ ചുരുങ്ങിയതും, വിവാഹങ്ങളടക്കമുള്ള ആഘോഷങ്ങൾക്ക് നിയന്ത്റണം വന്നതും തയ്യൽ തൊഴിലാളികൾക്ക് ഇരുട്ടടിയായി.തുണിക്കടകളിൽനിന്ന് തയ്യൽ കരാറെടുത്ത് ജോലി ചെയ്യുന്നവരും പ്രതിസന്ധിയിലാണ്.