നെടുമ്പാശേരി: ഉത്രാടദിവസം രാത്രി പുളിയനം ഐക്കാട്ടുകടവ് ഭാഗത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ വെട്ടി മാരകമായി പരിക്കേൽപ്പിച്ച എട്ടംഗ ഗുണ്ടാസംഘം പൊലീസ് പിടിയിൽ. പിച്ചാനിക്കാട് വടക്കൻവിട്ടിൽ അൻസൻ (23), പീച്ചാനിക്കാട് പാലിക്കുടത്തിൽ ഏലിയാസ് (24), കുന്നിപ്പിള്ളിശേരി തലേക്കുളം കൃഷ്ണപ്രസാദ് (23), കുരിശിങ്കൽ മാർട്ടിൻ (23), അപ്പത്തിൽവീട്ടിൽ മിഥുൻ (24), ഇളവൂർ വട്ടത്തേരിൽ വിട്ടിൽ ശ്രീജിത്ത് (23), പുളിയനം തേലപ്പിള്ളി വീട്ടിൽ ടോണി (24), പീച്ചാനിക്കാട് കരിയാട്ടുപറമ്പിൽ വൈഷ്ണവ് (23) എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതി അഭിജിത്തിനെ സംഭവദിവസം തന്നെ പിടികൂടിയിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇടുക്കി മുള്ളരിങ്ങാട് വനമേഖലയിൽ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു. പ്രതികളായ ടോണി അങ്കമാലി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ്. മറ്റുള്ളവരും അടിപിടി, ലഹരിമരുന്ന് കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആലുവ ഡി.വൈ.എസ്.പി ജി. വേണു, അങ്കമാലി എസ്.എച്ച്.ഒ. സോണി മത്തായി, പ്രിൻസിപ്പൽ എസ്.ഐ സൂഫി ടി.എം, എസ്.ഐ അജേഷ്, എ.എസ്.ഐ ജോർജ് പി.വി, എസ്.സി.പി.ഒ മാരായ റോണി അഗസ്റ്റിൻ, അലി എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.