കോലഞ്ചേരി: ഓൺലൈൻ വിപണന രംഗത്തേയ്ക്ക് ആദ്യമായി കുടുംബശ്രീയും. കൊവിഡ് പ്രതിസന്ധി മറികടക്കാനാണ് പുതിയ ചുവടു വെയ്പ്.
വടവുകോട് ബ്ളോക്കിനു കീഴിലെ കോലഞ്ചരി,പൂതൃക്ക പഞ്ചായത്തിലാണ് ഇന്ന് ഓൺലൈൻ വിപണനത്തിന്റെ തുടക്കം. അന്നശ്രീ ഓൺലൈൻ പ്ളാറ്റ്ഫോം വഴിയാണ് വില്പന.
സംരംഭകർ തന്നെ സ്വന്തം ചിലവിലാണ് ഡെലിവറി ചാർജില്ലാതെ ഉല്പന്നങ്ങൾ വീട്ടു പടിക്കൽ എത്തിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ എട്ട് സംരംഭകരുടെ ഉല്പന്നങ്ങൾ വിപണനം ചെയ്യും. മറ്റ് ഓൺലൈൻ ആപ്പുകളെ പോലെയാകും പ്രവർത്തനം. പ്ളേ സ്റ്റോറിൽ annasree എന്ന് സെർച്ചു ചെയ്താൽ ആപ്പ് ലഭിക്കും.
ഉത്പന്നങ്ങൾ
അവലോസുണ്ട, അച്ചപ്പം, കുഴലപ്പം, ഉപ്പേരി,ശർക്കര വരട്ടി, ഗോതമ്പ്, പുട്ട്, അപ്പം പൊടികൾ, മല്ലി, മുളക്, മഞ്ഞൾ, മസാലപ്പൊടികൾ, തേങ്ങ ചമ്മന്തിപൊടി,
സാരി, കുഞ്ഞുടുപ്പുകൾ, വിവിധയിനം അച്ചാറുകൾ, വിവിധയിനം കേക്കുകൾ.
വൈകാതെ 60 ഇനങ്ങൾ കൂടി ഉൾപ്പെടുത്തും.
അന്നശ്രീ, കുടുംബശ്രീ
എസ്.വി.ഇ.പി സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമുമായി സഹകരിച്ച് എംപാനൽ ഏജൻസിയായ ഐഫ്രമ്മുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇവരാണ് അന്നശ്രീ ആപ്ളിക്കേഷൻ രൂപപ്പെടുത്തിയത്. അന്നശ്രീ ആപ്പു വഴി നേരത്തെ കുടുംബശ്രീ കഫേകളുമായി ബന്ധപ്പെടുത്തി തൃശൂരിലും കളമശേരിയിലും ഫുഡ് പാഴ്സൽ വില്പനയുണ്ട്. എറണാകുളം അസിസ്റ്റന്റ് കളക്ടർ രാഹുൽ കുമാർ ശർമ്മയാണ് പദ്ധതിയ്ക്കായി മുൻകൈയ്യെടുത്തത്.