കൊച്ചി: കൊവിഡ് കാലത്ത് കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന സർവീസുകൾ മികച്ചതെന്ന് സർവേ ഫലം. കേരളത്തിൽ നിന്ന് കർണാടകയിലെയും തമിഴ്‌നാട്ടിലെയും റൂട്ടുകളിലേക്ക് പുനരാരംഭിച്ച അന്തർ സംസ്ഥാന ബസ് യാത്രയിൽ കെ.എസ്.ആർ.ടി.സിക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് ഓൺലൈൻ ടിക്കറ്റിംഗ് സേവനദാതാക്കളായ അഭിബസ്.കോം നടത്തിയ സർവേയിൽ കണ്ടെത്തി.
യാത്രാവിലക്കുകൾക്ക് പൂർണമായും ഇളവുകൾ വരുമെന്ന പ്രതീക്ഷയിൽ അതിർത്തികൾ കടന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. ഓണത്തോടനുബന്ധിച്ചാണ് അന്തർസംസ്ഥാന സർവീസുകൾ കെ.എസ്.ആർ.ടി.സി. പുനരാരംഭിച്ചത്. കഴിഞ്ഞ ഒരുമാസം കേരളത്തിൽ നിന്നുള്ള അന്വേഷണങ്ങളിൽ 200 ശതമാനം വർദ്ധനയുണ്ടായി. പതിനായിരത്തിലധികം യാത്രക്കാർ സംസ്ഥാനത്ത് സേവനം ഉപയോഗിച്ചു.
ഐ.ടി തലസ്ഥാനമായ ബെംഗളൂരുവിലാണ് ഏറ്റവും കൂടുതൽ അന്തർ സംസ്ഥാന ബസ് സർവീസ് ലഭ്യമായത്. കെ.എസ്.ആർ.ടി.സിയുടെ 32 സ്ഥിരം സർവീസുകളുണ്ട്. തൃശൂരും പാലക്കാടും 27 സർവീസുകളുണ്ട്. എറണാകുളത്ത് 16 ഉം കോഴിക്കോട് 14 ഉം തിരുവനന്തപുരത്ത് 11 ഉം സർവീസുകളുണ്ട്.
കൊവിഡ് പശ്ചാത്തലത്തിൽ അദ്യഘട്ടത്തിൽ തന്നെ അന്തർ സംസ്ഥാന യാത്രകൾക്ക് സംസ്ഥാനം അനുമതി നൽകിയതോടെ വിവിധ റൂട്ടുകളിൽ തിരക്കേറി. ഇത് മറ്റ് സംസ്ഥാനളെയും ഈവഴിക്ക് ചിന്തിപ്പിക്കുന്നതിന് വഴിയൊരുക്കുകയും തടസമില്ലാത്ത അന്തർ സംസ്ഥാന യാത്രകൾ സാദ്ധ്യമാകുകയും ചെയ്‌തെന്നും രാജ്യത്തുടനീളം തടസമില്ലാത്ത യാത്രകൾക്ക് വഴിയൊരുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകുമെന്നും അഭിബസ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ രോഹിത് ശർമ പറഞ്ഞു.