കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുഖം മാറുന്നു. നവീനമായ ഭൗതിക സാഹചര്യ വികസന സാധ്യതകൾ പ്രയോജനപ്പെടുത്തി ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 72 ലക്ഷം രൂപയുടെ അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നിലവിലുള്ള കെട്ടിടത്തിനോട് ചേർന്ന് മുൻ വശത്തായിട്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആരോഗ്യ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായാണ് പുതിയ കെട്ടിടത്തിന് തുക അനുവദിച്ചത്. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ ആരംഭിക്കുന്നതിന് എം.എൽ.എ നിർദ്ദേശം നൽകി. പൊതുമേഖല സ്ഥാപനമായ കെലാണ് നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത്.
ആശുപത്രിയുടെ പൊതു ഭരണ നിർവഹണത്തിനുള്ള സൗകര്യം, ഡോക്ടറുടെ പരിശോധന മുറി, പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനുള്ള സൗകര്യം, സാന്ത്വന പരിചരണ വിഭാഗത്തിനുള്ള മുറി, വനിതകൾക്കുള്ള ബ്ലോക്ക്, ഫയലുകൾ സൂക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ, അഞ്ച് ശുചിമുറികൾ, റിസപ്ഷൻ എന്നിവ ഉൾപ്പെടുന്ന കെട്ടിടമാണ് പുതിയതായി നിർമ്മിക്കുന്നത്. 1900 ചതുരശ്രയടി ചുറ്റളവിൽ ഭാവിയിലെ വികസന സാധ്യതകൾ കൂടി മുന്നിൽ കണ്ടു കൊണ്ടാണ് നിർമ്മാണ പ്രവർത്തനം.