പെരുമ്പാവൂർ: പെരുമ്പാവൂരിൽ പൊലീസ് പിടിച്ചെടുത്ത ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ മുനിസിപ്പൽ ലൈബ്രറി ഗ്രൗണ്ട്, പൊലീസ് കോർട്ടേഴ്‌സ് കോമ്പൗണ്ട് എന്നിവിടങ്ങളിൽ തുരുമ്പെടുത്ത് നശിച്ച് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അനധികൃത മണൽ, മണ്ണ് കടത്തുകളുമായി 10 വർഷം മുൻപ് വരെ പിടിച്ചെടുത്ത വാഹനങ്ങൾ ഇപ്പോഴും മുനിസിപ്പൽ ലൈബ്രറി ഗ്രൗണ്ടിൽ കൂട്ടിയിട്ടിരിക്കുകയാണ്. കാടുകളും പുല്ലുകളും വളർന്ന് പരിസരം വൃത്തിഹീനമാണ്. ഈ വാഹന കൂമ്പാരത്തിന്റെ പിറകിലായി മുനിസിപ്പൽ ലൈബ്രറി, കെ.എൻ.ജി. കൾച്ചറൽ സെന്റർ, അങ്കണവാടി, ആശ്രയ സ്‌കൂൾ, ഹോമിയോ ആശുപത്രി എന്നിവ നിലവിൽ കോമ്പൗണ്ടിലുണ്ട്.
വാഹനം നീക്കം ചെയാൻ സ്ഥലമില്ല
കോമ്പൗണ്ടിന് നടുവിലൂടെ അങ്കമാലി ആലുവ വൺവേ റോഡു കടന്നുപോകുന്നുണ്ട്. ഇപ്പോഴും സ്റ്റേഷൻ പരിസരത്തെ റോഡുകളിലും, കോമ്പൗണ്ടുകളിലും വാഹനങ്ങൾ നിറഞ്ഞിരിക്കുകയാണ്. കോടികൾ വിലമതിക്കുന്ന വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിച്ചു കിടക്കുന്നത്. നീക്കം ചെയ്തിടാൻ സ്ഥലമില്ലാത്തത് മൂലമാണ് ഇവിടം നിക്ഷേപിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
പൊലീസ് മേധാവിക്ക് പരാതി നൽകി
വിവിധ കേസുകളിൽപ്പെട്ട വാഹനങ്ങൾ എല്ലാം നിയമങ്ങൾക്ക് വിധേയമായി മൂന്നു മാസത്തിനുള്ളിൽ ഒഴിവാക്കണമെന്ന പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് പിടികൂടിയ പതിറ്റാണ്ടുകൾ വരെ പഴക്കമുള്ള വാഹനങ്ങൾ നിയമ നടപടികൾ സ്വീകരിച്ച് എത്രയും വേഗം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇപ്പോൾ ആവശ്യമുയർന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് സാമൂഹ്യ പ്രവർത്തകനായ എം.ബി. ഹംസ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുമുണ്ട്.