swapna

കൊച്ചി: തിരുവനന്തപുരം സ്‌പേസ് പാർക്കിൽ ജോലിക്കായി വ്യാജബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കാക്കനാട് ജില്ലാ ജയിലിലെത്തി നടപടികൾ പൂർത്തിയാക്കിയത്. കെ.എസ്‌.ഐ.ടി.എൽ എം.ഡി ഡോ. ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് കേസെടുത്തത്. നിയമനം നടത്തിയ പി.ഡബ്ല്യു.സി, സ്വപ്നയെ തിരഞ്ഞെടുത്ത വിഷൻ ടെക്‌നോളജി എന്നിവരും എതിർകക്ഷികളാണ്. വ്യാജരേഖ നിർമാണം, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിലെ പ്രതികൾ കഴിയുന്നത് കാക്കനാട് ജില്ലാ ജയിലിലാണ്. കോടതിയുടെ അനുമതിയോടെ മാത്രമേ സ്വപ്‌നയെ അന്വേഷണ സംഘത്തിന് ചോദ്യംചെയ്യാൻ കഴിയൂ. അതിനായി തിരുവനന്തപുരം ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് കോടതിയിൽ അടുത്ത ദിവസം അപേക്ഷ സമർപ്പിക്കും.