മൂവാറ്റുപുഴ: പായിപ്രയിലെ സ്വകാര്യ കമ്പനിയിൽ ആറ് അന്യ സംസ്ഥാന തൊഴിലാളികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇരുന്നൂറു തൊഴിലാളികളുള്ള കമ്പനിയിൽ 162 പേർ രോഗബാധിതരായി. രോഗബാധ രൂക്ഷമായതോടെ കമ്പനിയിലെ തൊഴിലാളികളെ മുഴുവൻ ആന്റിജൻ ടെസ്റ്റിനു വിധേയമാക്കിയിരുന്നു. എന്നാൽ പായിപ്ര പഞ്ചായത്തിലെ ഫസ്റ്ര് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രത്തിൽ നൂറ് പേരെ ചികിത്സിക്കുവാനുള്ള സൗകര്യം മാത്രമാണ് നിലവിലുള്ളത്. എഫ്.എൽ. ടി.സിയിലെ സൗകര്യങ്ങൾ പരിമിതമായതിനാൽ സുമനസുകളുടെ എല്ലാ തീതിയിലുള്ള സഹായങ്ങൾ ഉണ്ടാകണമെന്ന് പ‌ഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എച്ച്. ഷെഫീക്ക് അറിയിച്ചു. ഇതിനിടെ മൂവാറ്റുപുഴ നഗരത്തിലെ കാവുംങ്കര മേഖലയിൽ 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടരന്ന് ഇവരുടെ വീടുൾപ്പെടുന്ന ഭാഗം മൈക്രോ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു.നഗരത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ എൽദോ ഏബ്രഹാം എം.എൽ.എ യുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകിട്ട് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം എടുത്തത്.