# ബസ് ജീവനക്കാരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ
തൃപ്പൂണിത്തുറ: ബസ് യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ ബസ് ജീവനക്കാർ ആശുപത്രിയിലെത്തിച്ചില്ലെന്ന് പരാതി. പിന്നീട് വീട്ടുകാരെത്തി ആശുപത്രിയിലെത്തിച്ച യാത്രക്കാരൻ മരണമടഞ്ഞു. ഉദയംപേരൂർ ഉണിക്കുന്നത്ത് കുറുപ്പശേരിൽ വീട്ടിൽ പുഷ്പനാണ് (57) മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് പുഷ്പൻ തൃപ്പൂണിത്തുറയിൽ നിന്ന് ജോലികഴിഞ്ഞ് ഉദയംപേരൂരിൽ എസ്.എൻ.ഡി.പി സ്കൂളിനു പടിഞ്ഞാറു ഭാഗത്തുള്ള വീട്ടിലേയ്ക്ക് പോകുന്നതിനായാണ് പൂത്തോട്ടയിലേക്കുള്ള സ്വകാര്യബസിൽ കയറിയത്. യാത്രക്കിടയിൽ ദേഹാസ്വാസ്ഥൃം അനുഭവപ്പെട്ട ഇയാൾ ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങിയില്ല. പുഷ്പൻ ബസിന്റെ സീറ്റിൽ സുഖമില്ലാതെ ചാരിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാൾ ഭാര്യ രാജിയോട് പൂത്തോട്ടയിലെത്താൻ ഫോണിൽ ആവശ്യപ്പെട്ടു. പുഷ്പന്റെ കൈയിലുണ്ടായിരുന്ന ഫോണിൽ നിന്ന് ലഭിച്ച നമ്പറെടുത്താണ് വിളിച്ചത്. തുടർന്ന് പുഷ്പന്റെ ഭാര്യയും മകനും രണ്ട് അയൽവാസികളും കാറിൽ പൂത്തോട്ടയിൽ എത്തിയപ്പോൾ പുഷ്പനെ സ്റ്റാൻഡിന്റെ സമീപത്തെ തറയിൽ കിടത്തിയിരിക്കുന്നതാണ് കണ്ടത്. ബസുകാരെ അന്വേഷിച്ചെങ്കിലും കണ്ടില്ല. ഉടനെ പുത്തൻകാവ് ഗവ. ആശുപത്രിയിലും അവിടെ നിന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ആദിത്യൻ, അശ്വതി.
യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതറിഞ്ഞതിനു ശേഷം പൂത്തോട്ടക്കിപ്പുറം രണ്ട് ആശുപത്രികൾ ഉണ്ടായിട്ടും ചികിത്സയ്ക്കായി അവിടെ എത്തിക്കാതെ അവശനായ യാത്രക്കാരനെ പൂത്തോട്ടയിലെ സ്റ്റാൻഡിൽ ഉപേക്ഷിച്ചിട്ടുപോയ ബസ് ജീവനക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഭാര്യ രാജി ഉദയംപേരൂർ പൊലീസിൽ പരാതി നൽകി.