ആലുവ: ആലുവ ജനറൽ മാർക്കറ്റിൽ നിർദ്ദിഷ്ട മാർക്കറ്റ് സമുച്ചയത്തിനായി ഒഴിപ്പിച്ച സ്ഥലത്ത് അനധികൃതമായി താത്കാലിക ഷെഡുകൾ നിർമ്മിച്ച് ഒരു വിഭാഗം കച്ചവടക്കാരുടെ കൈയ്യേറ്റ ശ്രമം. നഗരസഭ ഏഴ് വർഷം മുമ്പ് ഒഴിപ്പിച്ച സ്ഥലത്താണ് ഇരുമ്പ് പൈപ്പുകളും ഷീറ്റുകളും മേഞ്ഞ് നിലത്ത് പരിക്കൻ ഇട്ടും കൈയേറാൻ നീക്കം നടത്തുന്നത്. ഏഴ് വർഷം മുമ്പ് ആറ് കോടിയോളം രൂപ ചെലവിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടെങ്കിലും സാങ്കേതിക തടസങ്ങളെ തുടർന്ന് വായ്പ ലഭ്യമാകാത്തതിനാൽ നിർമ്മാണംഅനിശ്ചിതത്വത്തിലാകുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ വായ്പ ലഭ്യമായെങ്കിലും മറ്റ് സാങ്കേതികാനുമതി കൊവിഡ് പ്രതിസന്ധിയെ തുടർന്നും നീണ്ടു. ഉടൻ നിർമ്മാണം ആരംഭിക്കാൻ നഗരസഭ നടപടി വേഗത്തിലാക്കുന്നതിനിടെയാണ് കൈയേറ്റം നടന്നിട്ടുള്ളത്. കൈയ്യേറ്റക്കാരെ ഉടൻ ഒഴിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്ന് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ നഗരസഭ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.