കൊച്ചി: കൊവിഡ് കാലത്തെ എങ്ങനെ അതിജീവിക്കാമെന്ന് മാത്രമല്ല അത് സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കൂടി കാണിച്ചുതരികയാണ് കൊച്ചി തിരുവാണിയൂർ ഗ്ളോബൽ പബ്ളിക് സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ ആർ.കെ. ചന്ദ്രബാബു. താൻ വരച്ച 100 ചിത്രങ്ങൾ ഉൾപ്പെടുത്തി പറക്കുന്ന ജീവിതത്തിലെ നൂറ് കറുത്ത കല്ലുകൾ എന്ന പേരിൽ 100ദിന ഓൺലൈൻ ചിത്ര പ്രദർശനം നടത്തുകയാണ് ഇദ്ദേഹം. പ്രദർശനത്തിൽ വിറ്റ രണ്ട് ചിത്രങ്ങളുടെ പകുതി പണം ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന കൊച്ചി കോർപ്പറേഷനിലെ പതിമൂന്നാം ഡിവിഷനിൽ വാടകയ്ക്ക് താമസിക്കുന്ന രണ്ട് കിഡ്നിയും തകരാറിലായ 19കാരി മറിയം റനീറ്റയ്ക്ക് കൈമാറി നന്മയുടെ വരവെളിച്ചം തെളിക്കുകയാണ് ഈ ചത്രകലാ അദ്ധ്യാപകൻ. പള്ളുരുത്തിയിലെ വീട്ടിലിരുന്ന് ലാപ്ടോപ്പിൽ ഓരോ ദിവസവും ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കും. ഇത് കണ്ട് ഇഷ്ടപ്പെടുന്നവർക്ക് വാങ്ങാം. ചിത്രങ്ങൾ വിറ്റ് കിട്ടുന്ന പകുതി പണം ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. നല്ല പ്രതികരണമാണ് പ്രദർശനത്തിന് കിട്ടുന്നതെന്ന് ചന്ദ്രബാബു പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് ക്യാമ്പുകളിൽ കുട്ടികൾക്കൊപ്പം ചിത്രം വരയ്ക്കൽ നടത്തിയതിന് പുറമെ ക്യാൻസർ ബാധിച്ചവർ, എച്ച്.ഐ.വി. ബാധിതർ, ഭിക്ഷക്കാർ, ജയിലുകളിലെ അന്തേവാസികൾ എന്നിവർക്കൊപ്പം സൗജന്യ ക്യാമ്പുകൾ നടത്തിയിട്ടുണ്ട്. ഭാര്യ അനിത എല്ലാത്തിനും പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്.