കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ സിസ്റ്റർ ലിസി വടക്കേലിനെതിരെ പൊലീസ് നോക്കിനിൽക്കെ വധഭീഷണി മുഴക്കിയിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തതിൽ സഭാ സുതാര്യതാസമിതി (എ.എം.ടി) പ്രതിഷേധിച്ചു.
കന്യാസ്ത്രീ പീഡനകേസിൽ ഫ്രാങ്കോക്കെതിരെ മൊഴി നൽകിയതിനാണ് മൂവാറ്റുപുഴയിലെ കോൺവെന്റിൽ പൊലീസ് സംരക്ഷണയിൽ കഴിയുന്ന സിസ്റ്റർ ലിസി വടക്കേലിനെ ജ്യോതിഭവന് സമീപത്തെ പള്ളിയിൽനിന്ന് മടങ്ങിവരുമ്പോൾ ഒരാൾ ബൈക്കിലെത്തി ഭീഷണിപ്പെടുത്തിയത്. പേരുചോദിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ഭീഷണിസ്വരത്തിൽ സംസാരിച്ചു. ഭീഷണിയെപ്പറ്റി സി.ലിസി വടക്കേൽ മൂവാറ്റുപുഴ പൊലീസിൽ അറിയിച്ചെങ്കിലും നിയമനടപടി സ്വീകരിച്ചില്ല.
വിചാരണ ആരംഭിക്കാനിരിക്കെ സിസ്റ്റർ ലിസിക്ക് ഭീഷണിയുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കേസ് രജിസ്റ്റർ ചെയ്തണമെന്നും അറസ്റ്റ് രേഖപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രശ്‌നത്തിൽ ഉന്നത പൊലീസ് അധികാരികൾ അടിയന്തിരമായി ഇടപെടണമെന്ന് സമിതി പ്രസിഡന്റ് മാത്യു കരോണ്ടുകടവിൽ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, വക്താവ് ഷൈജു ആന്റണി എന്നിവർ ആവശ്യപ്പെട്ടു.