കൊച്ചി: കൊവിഡിന്റെ തുടർച്ചയായ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒപ്പം അങ്കണവാടി നടത്തിപ്പിന്റെ ബാദ്ധ്യതകൂടി ചുമലിലായതോടെ ജീവനക്കാർ നട്ടംതിരിയുന്നു. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്കാരാണ് ബുദ്ധിമുട്ടിലായത്.
വാടകയിനത്തിൽ 3000 രൂപ ഇവർക്ക് സർക്കാരിൽനിന്ന് ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാർച്ച് മുതൽ തുക കുടിശികയായതോടെ ജീവിതം പ്രതിസന്ധിയിലായി . 4000 - 7000 രൂപ വരെ വാടക നൽകിയാണ് നഗരപരിധിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും പ്രവർത്തിക്കുന്നത്. വെള്ളം, വൈദ്യുതി ചാർജും നൽകണം. സ്വന്തം ശമ്പളത്തിൽ നിന്നൊരു വിഹിതവും രക്ഷിതാക്കൾ കൈയയച്ച് നൽകുന്ന സഹായത്താലുമാണ് ഇവർ പിടിച്ചുനിന്നിരുന്നത്. കൊവിഡിനെ തുടർന്ന് അങ്കണവാടി അടച്ചതിനാൽ രക്ഷിതാക്കളുടെ സഹായം നിലച്ചു. കൗൺസിലർമാരും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളും കൂടി കണ്ണടച്ചതോടെ സഹായിക്കാൻ ആളില്ലാത്ത അവസ്ഥയായി
# സുരക്ഷയ്ക്ക് മുൻതൂക്കം
അങ്കണവാടി പ്രവർത്തിക്കുന്നത് ഉറപ്പുള്ള കെട്ടിടത്തിലായിരിക്കണം. പ്രത്യേക അടുക്കളയുണ്ടാകണം. കുട്ടികൾക്ക് ഇരിക്കാനും കിടക്കാനും സൗകര്യംവേണം. സാധനങ്ങൾ സൂക്ഷിക്കാൻ സംവിധാനമുണ്ടാകണം തുടങ്ങിയവയാണ് വ്യവസ്ഥ. ഇത്രയും സൗകര്യങ്ങളുള്ള വീടുകിട്ടണമെങ്കിൽ മിനിമം 6000 രൂപ വേണം. ഇതിനുപുറമെ കനത്തതുക ഡെപ്പോസിറ്റായും നൽകണം. ഒന്നരസെന്റ് സ്ഥലം കണ്ടുപിടിച്ച് നൽകിയാൽ കോർപ്പറേഷൻ കെട്ടിടം പണിതുകൊടുക്കും. പക്ഷേ സ്ഥലം ആരുനൽകുമെന്നാണ് ജീവനക്കാരുടെ ചോദ്യം.
# കുത്തുപാളയെടുത്ത്
മാമംഗലത്തെ അങ്കണവാടിയ്ക്ക് 6000 രൂപയാണ് വാടക. കഴിഞ്ഞ അഞ്ചുമാസത്തെ വാടക കുടിശികയാണ്. പെയിന്ററായ ഭർത്താവിന് പണിയില്ല. ഹൗസിംഗ് ലോൺ അടയ്ക്കണം. വീട്ടുകാര്യങ്ങൾ നടത്തണം. എന്റെ ശമ്പളമായ 12000 രൂപ കൊണ്ടാണ് കഴിഞ്ഞുകൂടുന്നത്. കൈയിലുണ്ടായിരുന്ന സ്വർണം പണയംവച്ച് കഴിഞ്ഞമാസം കെട്ടിടഉടമയ്ക്ക് 18000 രൂപ നൽകി. ബാക്കിതുക എങ്ങനെ നൽകുമെന്ന് അറിയില്ല. വർക്കറായ ബിന്ദു പറഞ്ഞു.
# വിശ്രമമില്ലാത്ത പണി
അങ്കണവാടികൾ അടഞ്ഞുവെങ്കിലും ജീവനക്കാർക്ക് വിശ്രമമില്ല. അങ്കണവാടി വിദ്യാർത്ഥികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, മൂന്നുവയസ് വരെയുള്ള കുഞ്ഞുങ്ങൾ എന്നിവർക്ക് അതാത് മാസത്തെ ഭക്ഷ്യവിഹിതം ലഭിച്ചുവെന്ന് ഉറപ്പാക്കണം.പ്രദേശത്തുള്ള ഗർഭിണികളുടെ ആരോഗ്യകാര്യങ്ങൾ അന്വേഷിക്കണം . ആവശ്യക്കാർക്ക് കൗൺസിഗ് നൽകണം. വർക്കറും ഹെൽപ്പറും എന്ന പേരിൽ രണ്ട് സ്ത്രീകളാണ് ഓരോ അങ്കണവാടിയിലുമുള്ളത്. 8000 രൂപയാണ് ഹെൽപ്പർക്ക് ലഭിക്കുന്നത്.
# 60 ശതമാനവും സ്വന്തം കെട്ടിടങ്ങൾ
കോർപ്പറേഷൻ പരിധിയിൽ 326 അങ്കണവാടികൾ
കോർപ്പറേഷൻ ഉടമസ്ഥതയിലുള്ളത്: 200 എണ്ണം
ജീവനക്കാർ : 682