പെരുമ്പാവൂർ: പാഠം പ്രകൃതിയെക്കുറിച്ചാണ്. കുട്ടികളുമൊത്ത് പച്ചപ്പിലേക്കിറങ്ങും. പാടത്തും പറമ്പിലുമായിരിക്കും കൃഷിയെക്കുറിച്ചുള്ള ക്ലാസ്. ഇങ്ങനെയും കുട്ടികൾക്ക് അറിവ് പകർന്നു നൽകുന്നൊരു അദ്ധ്യാപകനുണ്ട് പെരുമ്പാവൂരിൽ. തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് അദ്ധ്യാപകനായ കെ.എ നൗഷാദ്. സ്‌കൂളിനും നാടിനും അഭിമാനമായ നൗഷാദ് മാഷ് ഈ അദ്ധ്യാപക ദിനത്തിൽ ശ്രേഷ്ഠാചാര്യ പുരസ്‌കാര നിറവിലാണ്. അദ്ധ്യാപന മികവ് തന്നെയാണ് സാംസ്‌കാരിക വകുപ്പിന് കീഴിലെ വായനപൂർണിമ എറണാകുളം ജില്ലാ കമ്മറ്റിയുടെ അവാർഡ് നേടിക്കൊടുത്തത്. നേരത്തെ ജില്ലാ പഞ്ചായത്തിന്റെ മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരവും നൗഷാദിനെ തേടിയെത്തിയിട്ടുണ്ട്. 2009ലാണ് നൗഷാദ് തണ്ടേക്കാട് സ്കൂളിലെത്തുന്നത്. പിന്നീട് നിരവധി പദ്ധതികൾക്ക് സ്‌കൂളിൽ നേതൃത്വം നൽകി. വിദ്യാലയങ്ങളിൽ കാർഷിക വിപ്ലവത്തിന്റെ പുതിയ വിത്ത് പാകിയ സർക്കാർ പദ്ധതി പാഠം ഒന്ന് പാടത്തേക്ക് സ്വമേധയാ ഏറ്റെടുത്തു. സ്‌ക്കൂൾ മാനേജർ പി.എ മുഖ്താറിന്റെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കറിൽ കൃഷിയിറക്കി. നാല് മാസം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും കൃഷിയെ അടുത്തറിയാനുള്ള അവസരമാക്കി മാറ്റി. സ്വന്തമായി പണം കണ്ടെത്തിയായിരുന്നു കൃഷി. സാമ്പത്തികമായി കൈ പൊള്ളിയെങ്കിലും കൃഷി മാനസിക സംതൃപ്തി നൽകിയെന്ന് നൗഷാദ് മാസ്റ്റർ പറയുന്നു.ലോക്ക് ഡൗണിലും നൗഷാദ് മാസ്റ്ററിന്റെ നന്മ നാടറിഞ്ഞു. നൂറോളം വീടുകളിൽ ഭക്ഷ്യകിറ്റ് എത്തിച്ചായിരുന്നു ജനകീയ പരിപാടികൾ. മാസ്കുകളും സൗജന്യമായി വിതരണം ചെയ്തു. വിവിധ സംഘടനകളുമായി ചേർന്ന് കൊവിഡ് ബോധവത്കരണവും സംഘടിപ്പിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 300 കുടുംബങ്ങൾക്ക് 10 ഇനം പച്ചക്കറികൾ അടങ്ങുന്ന വിത്തുകൾ മാഷിന്റെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ച് നൽകിയി. ഓൺലൈൻ വിദ്യാഭ്യാസ രംഗത്തും സജീവമാണ് നൗഷാദ്. ഭാര്യ ഷാജിദ( മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്). മക്കൾ: മറിയം തബസുമ,അമീനുൽ ഹഖ് , അമാനുൽ ഹഖ്. മൂവരും ജമാഅത്ത് ഹയർ സെക്കൻഡറി സ്‌ക്കൂൾ വിദ്യാർത്ഥികൾ.