# 7.45 കിലോമീറ്റർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കു
നെടുമ്പാശേരി: ചെങ്ങമനാട് - എളവൂർ റോഡിന്റെ പുനർനിർമ്മാണത്തിന് മുന്നോടിയായി സ്വകാര്യ വ്യക്തികൾ കൈയെറിയ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കാൻ തീരുമാനം. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. അത്താണി - കാംകോ ജംഗ്ഷൻ മുതൽ കാരയ്ക്കാട്ടുകുന്ന്, വട്ടപ്പറമ്പ് വഴി എളവൂർ ചന്ത വരെയുള്ള 7.45 കിലോമീറ്റർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുവാൻ നബാർഡിന്റെ പ്രത്യേക സ്‌കീമിൽ ഉൾപ്പെടുത്തി 11 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ റോഡിന്റെ നിർമ്മാണം ആരംഭിക്കുന്ന ഘട്ടത്തിൽ ഇരുവശങ്ങളിലും നിരവധി ആളുകൾ പുറമ്പോക്ക് കൈയേറിയിട്ടുള്ളതായി കണ്ടെത്തി. ഈ ഭൂമി തിരിച്ചുപിടിച്ച് റോഡിന്റെ സ്വാഭാവിക വീതി വീണ്ടെടുക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തു. ഇതേതുടർന്നാണ് അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ റവന്യു, പി,ഡബ്ലു.ഡി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.
റോഡിന്റെ യഥാർത്ഥ വീതി കണ്ടെത്തുന്നതിനായി സർവേയർമാരുടെ ഒരു സ്‌പെഷ്യൽ ടീമിനെ നിയോഗിച്ച് നിലവിൽ സർക്കാർ അംഗീകരിച്ചിരിക്കുന്ന റീസർവേ പ്രകാരമുള്ള പുറമ്പോക്ക് ഭൂമി കണ്ടെത്തും. സർവേ നടപടികൾ അടുത്തയാഴ്ച ആരംഭിക്കും. സർവേ നടക്കുന്നതിനനുസരിച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതാണെന്നും എം.എൽ.എമാർ അറിയിച്ചു. എൽ.എ അഡീഷണൽ തഹസിൽദാർ കെ.എസ്. പരീത്, പി,ഡബ്ലു.ഡി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ബഷീർ, അസി. എഞ്ചിനീയർ അനൂപ്, നെടുമ്പാശ്ശേരി വില്ലേജ് ഓഫീസർ വി.ആർ. അജിത കുമാരി, പാറക്കടവ് വില്ലേജ് ഓഫീസർ സജി പാപ്പു എന്നിവരും മറ്റ് സർവേ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.