കൊച്ചി: അദ്ധ്യാപനത്തിൽ ഒതുങ്ങുന്നതല്ല സുരേഷ് മാഷിന്റെ ജീവിതം. കൊവിഡ് കാലത്ത് ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുതൽ കുട്ടികളുടെ ഭാവിയ്ക്കു വരെ വഴികാട്ടിയാവുകയാണ് അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായ സുരേഷ് എസ്. സംസ്ഥാന സർക്കാറിന്റെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയിട്ടുണ്ട് സുരേഷ്.

കാൻസർ രോഗികളെ സഹായിക്കാൻ സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുമാരുടെ കൂട്ടായ്മയിൽ ശേഖരിച്ച ഭക്ഷണകിറ്റിന്റെ വിതരണ ചുമതല സുരേഷ് മാഷിനായിരുന്നു.

സുരേഷ് മാഷിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ടി.വിയും മറ്റു പഠനോപകരണങ്ങളും നൽകി വരികയാണ്. 12 സ്‌കൂളുകളിലെ കുട്ടികൾക്കായി ടെലിവിഷൻ വിതരണം ചെയ്തു.

കരിയർ ഗൈഡൻസ് പാഠവും

ഓൺലൈൻ ക്ലാസിനു ശേഷം ലഭിക്കുന്ന സമയം വിദ്യാർത്ഥികളുടെ ഭാവിയ്ക്കായി പുത്തൻ ആശയങ്ങൾ പരിചയപ്പെടുത്തി വരികയാണ്. സാധാരണ അവധിക്കാലത്താണ് പ്ലസ് വൺ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ നടക്കുക. വിവിധ കോഴ്‌സുകളെയും തൊഴിൽ അവസരങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്കായി വെബ്‌നാർ നടത്തുന്നുണ്ട്. ഒപ്പം യൂടൂബ് ചാനൽ വഴിയും കരിയർ ക്ലാസുകൾ നൽകുന്നു.

കൈത്താങ്ങായതിൽ സന്തോഷം

കൊവിഡ് ഭീതിയിക്കിടയിൽ മറ്റുള്ളവർക്ക് സഹായകമായ പദ്ധതികൾ നടപ്പാക്കുക എന്ന ലക്ഷ്യത്തെടെയാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ രീതി മാറുന്നതനുസരിച്ച് വിദ്യാർത്ഥികളുടെ ഭാവിയും മാറുകയാണ്. ഇതിനെ തരണം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

സുരേഷ് എസ്.