കൊച്ചി: കാൻസർ രോഗിയും മുൻ സി.ഐ.ടി.യു യൂണിയൻ ചുമട്ടുതൊഴിലാളിയുമായ ബി.ആർ. സണ്ണിയുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈത്താങ്ങ്. സ്വന്തം വീടെന്ന സ്വപ്നസാക്ഷാത്കാരത്തിന് വർഷങ്ങളായി ഓഫീസുകൾ കയറിയിറങ്ങുന്ന കുടുംബത്തിന്റെ ദയനീയാവസ്ഥ ബി.ഡി.ജെ.എസാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞദിവസം കളക്ടർക്ക് നിർദേശം എത്തിയതോടെ പനമ്പിള്ളിനഗർ പെരുമാനൂർ ഡിവിഷനിലെ ജി.സി.ഡി.എ ഉടമസ്ഥതയിലുള്ള മഹാത്മാനഗർ കോളനിയിലെ വലിയവീട്ടിൽ സണ്ണിയുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ പ്രതീക്ഷയുടെ ചിറകുകൾ മുളച്ചു.
# ജനസമ്പർക്കം തുണച്ചില്ല
കഴിഞ്ഞ 30 വർഷമായി സണ്ണിയും ഭാര്യ റീനയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ജി.സി.ഡി.എയുടെ സ്ഥലത്താണ് താമസിക്കുന്നത്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട് പുനർനിർമ്മിക്കുന്നതിനായി വീടു നിൽക്കുന്ന ഒന്നരസെന്റ് സ്ഥലം സ്വന്തംപേരിൽ കിട്ടുന്നതിന് 2013ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പർക്കപരിപാടിയിൽ അപേക്ഷ നൽകി. മൂന്നുലക്ഷം രൂപ ജി.സി.ഡി.എയിൽ അടച്ച് വസ്തു സ്വന്തംപേരിൽ എഴുതിവാങ്ങാൻ ഉത്തരവുംലഭിച്ചു. ഇതനുസരിച്ച് 2,02,800 രൂപ അടയ്ക്കുകയും ചെയ്തു. ജി.സി.ഡി.എയിലെ ചില ഉദ്യോഗസ്ഥർ ഇടങ്കോലിട്ടതിനാൽ ഏഴു വർഷം കഴിഞ്ഞിട്ടും ഫയലിൽ നടപടിയുണ്ടായില്ലെന്ന് കുടുംബം പറയുന്നു. അതേസമയം കാൽ സെന്റും അര സെന്റും ഉണ്ടായിരുന്ന നാലുപേർക്ക് ഒന്നര സെന്റ് വീതം പതിച്ചു നൽകിയെന്ന് റീന പറയുന്നു.
# സെപ്റ്റിക് ടാങ്ക് പൊളിക്കാൻ ഉത്തരവ്
സ്ഥലം നൽകുന്നതിന് പകരം കുടുംബത്തിന്റെ സെപ്റ്റിക് ടാങ്ക് സ്ഥിതി ചെയ്യുന്നിടം ഉൾപ്പെടെ ജി.സി.ഡി.എ മറ്റൊരാൾക്ക് കച്ചവടമാക്കി. സെപ്റ്റിക് ടാങ്ക് പൊളിച്ചു മാറ്റണമെന്ന് നോട്ടീസും നൽകി
# ബി.ഡി.ജെ.എസ്
സഹായത്തിനെത്തി
ഗുരുതരമായ കാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്ന സണ്ണിക്ക് ട്യൂബു വഴിയാണ് ആഹാരം നൽകുന്നത്. റീന വീട്ടുജോലിചെയ്താണ് കുടുംബം പുലർത്തുന്നത്. ഇവർക്ക് ആരും സഹായത്തിനില്ലെന്ന് കണ്ടതോടെ ബി.ഡി.ജെ.എസ് ഇടപെട്ട് ജി.സി.ഡി.എ ചെയർമാന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ കുടുംബത്തിന്റെ ദയനീയസ്ഥിതി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇവർക്ക് ആവശ്യമായ സഹായങ്ങൾ ഏർപ്പാട് ചെയ്യണമെന്ന് പ്രധാനമന്ത്രി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ഇതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ കളക്ടർ എസ്. സുഹാസിനെ ചുമതലപ്പെടുത്തി.