കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ പഴുക്കാമറ്റം തോട് മാലിന്യ വാഹിനിയായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നു. പഴുക്കാമറ്റം,തച്ചുകുളങ്ങര ഭാഗത്തുള്ളവർ അലക്കുവാനും കുളിക്കുവാനുമായി ഉപയോഗിച്ചിരുന്ന തോടാണ് മാലിന്യം നിറഞ്ഞിരിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. തോട്ടിൽ നീരൊഴുക്ക് മാത്രമാണുള്ളത്. പഴുക്കാമറ്റം അംഗനവാടിയുടെ സമീപത്തുകൂടി ഒഴുകുന്ന ഒരു ചെറിയ തോട് വന്നു ചേരുന്നതും ഈ തോട്ടിലാണ്. തോട്ടിൽ കുളിക്കുന്നവർക്ക് ദേഹത്തിന് ചൊറിച്ചിൽ അനുഭവപ്പെടുന്നുവെന്നും പരാതിയുണ്ട്.