cori

കൊച്ചി: ബംഗളൂരു - കൊച്ചി വ്യവസായ ഇടനാഴി പദ്ധതിയുടെ മാസ്റ്റർപ്ളാൻ എട്ടു മാസത്തിനകം പൂർത്തിയാക്കാൻ മാസ്റ്റർപ്ളാൻ തയ്യാറാക്കുന്ന സി.എച്ച് ടു. എം ഹിൽ ഇന്ത്യ കൺസോർഷ്യത്തിന് നിർദേശം നൽകി. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ.ഐ.സി.ഡി.സി) നടത്തിയ യോഗത്തിലാണ് നിർദേശം.

കൊച്ചി ഗ്ളോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി), പാലക്കാട്ടെ സ്‌മാർട്ട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ളസ്റ്റർ (ഐ.എം.സി ) എന്നിവയാണ് രൂപകല്പന ചെയ്യുന്നത്. എൻ.ഐ.സി.ഡി.സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ. സഞ്ജയ്‌മൂർത്തി, വ്യവസായവകുപ്പ് അഡീഷണർ ചീഫ് സെക്രട്ടറി അൽക്കേഷ് കുമാർ ശർമ്മ എന്നിവരാണ് വീഡിയോ കോൺഫറൻസ് യോഗത്തിൽ കരാർ കമ്പനിക്ക് നിർദേശം നൽകിയത്.

മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിന് സമയബന്ധതിമായി നടപ്പാക്കേണ്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. കരാർ കമ്പനിയുടെ സംഘം പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ സംബന്ധിച്ച് സെപ്തംബറിൽ അന്തിമരൂപം നൽകും. കമ്പനി കേരളത്തിൽ ഓഫീസ് തുറന്നു. ജിയോ ടെക്നിക്കൽ സർവേ നടത്താനും പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ യോഗം ചേർന്ന് നിർദേശങ്ങൾ സ്വീകരിക്കാനും നടപടി ആരംഭിച്ചു.

കേരളത്തിലെ പദ്ധതി സംബന്ധിച്ച മാസ്റ്റർ പ്ളാൻ അടുത്ത ഫെബ്രുവരിയിൽ പൂർത്തിയാക്കാൻ അൽക്കേഷ് കുമാർ ശർമ്മ നിർദേശിച്ചു. വ്യവസായ വികനസത്തിനും ബഹുവിധ ഗതാഗത സംവിധാനങ്ങൾക്കും പ്രാധാന്യം നൽകണം. അനുയോജ്യവും ആവശ്യമുള്ളതും സാമ്പത്തികഭദ്രവുമായ പദ്ധതികൾ കൊച്ചിയിലും പാലക്കാട്ടും കണ്ടെത്തണം.