thengu
വെള്ളീച്ച ബാധിച്ച തെങ്ങോല

കോലഞ്ചേരി: മഴ മാറി വേനൽ കനത്തതോടെ കിഴക്കൻ മേഖലയിലെ തെങ്ങിൽ തോപ്പുകളിലടക്കം വെള്ളീച്ചകളുടെ ശല്യം രൂക്ഷമായി. കോതമംഗലം, മൂവാറ്റുപുഴ കോലഞ്ചേരി മേഖലകളിലാണ് വെള്ളീച്ച ശ്യലം വ്യാപകമായിരിക്കുന്നത്. ഈച്ചകളെ തുരത്താൻ നാളികേര കർഷകർ ചില പൊടിക്കൈകൾ പ്രയോഗിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഇവയെ പൂർണമായി നശിപ്പിച്ചില്ലെങ്കിൽ തെങ്ങുകളുടെ ആരോഗ്യസ്ഥിതിയെ കാര്യമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു. വെള്ളീച്ചകൾ കൂടുതലായി വരുന്നത് വിളവിനെയും ബാധിക്കും.

തെങ്ങോലകളുടെ കീഴ്ഭാഗത്ത് പ​റ്റിപ്പിടിച്ചിരിക്കുന്ന വെള്ളനിറത്തിൽ കാണപ്പെടുന്ന ഈച്ചകളാണ് വെള്ളീച്ചകൾ. മുട്ടയിട്ടുപെരുകുകയും ഒരു തെങ്ങോലയിൽ നിന്ന് തൊട്ടടുത്ത തെങ്ങിലേക്ക് അനായാസം പറന്നെത്തുകയും ചെയ്യും. ഇവയുടെ ശരീരത്തിൽനിന്നു പുറന്തള്ളുന്ന സ്രവങ്ങൾ ഓലയുടെ മുകൾ ഭാഗത്ത് പറ്റിപ്പിടിക്കുകയും താമസിയാതെ പൂപ്പൽ രൂപം കൊള്ളുകയും ചെയ്യും. പിന്നീട് ഓല കറുത്ത നിറമായി മാറും. വെള്ളീച്ചകളുടെ വ്യാപനമുള്ള തെങ്ങുകളുടെ ഓലകളുടെ മുകൾഭാഗം കറുപ്പും കീഴ്ഭാഗം വെള്ളനിറത്തിലും കാണപ്പെടും.

ഓലകൾ കറുത്ത നിറമാകുന്നതോടെ സൂര്യപ്രകാശം അധികമായി ആഗിരണം ചെയ്യുന്നതിന് തടസമുണ്ടാകും. ഓലകളുടെ ഹരിതകം നഷ്ടപ്പെടുകയും ഇതോടെ ഉണങ്ങിക്കരിയും.തുടർച്ചയായി മഴപെയ്താൽ വെള്ളീച്ച നശിക്കും. ചൂടുള്ള കാലാവസ്ഥയിലാണ് ഈച്ചകൾ അധികമായി കാണപ്പെടുന്നത്. രണ്ടു ദിവസം ചെറിയ തോതിൽ മഴപെയ്താൽ ഈച്ചകളുടെ ശല്യം കുറയും. മഴ മാറുന്നതോടെ വർദ്ധിക്കും.വെള്ളീച്ചകളുടെ ശല്യം ഒഴിവാക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതമാണ് ഫലപ്രദം. 30 മില്ലിലി​റ്റർ വേപ്പെണ്ണയും 20 ഗ്രാം വെളുത്തുള്ളിയും അഞ്ചു ഗ്രാം സോപ്പും ഒരുലി​റ്റർ വെള്ളത്തിൽ കലർത്തിയാണ് മിശ്രിതം ഉണ്ടാക്കുന്നത്.മിശ്രിതം ഒരുനേരം തളിച്ചാൽ മതി . തയ്യാറാക്കിയാൽ അന്നു തന്നെ തളിക്കാം. രാവിലെയോ വൈകീട്ടോ സൗകര്യം പോലെ സ്‌പ്രെയർ ഉപയോഗിച്ച് തളിക്കുന്നതാണ് ഉത്തമം. മിശ്രതങ്ങളില്ലാതെ വെള്ളം മാത്രം ശക്തമായി സ്പ്രെ ചെയ്യുന്നതും തെങ്ങുകൾക്ക് നല്ലതാണ്.