തൃപ്പൂണിത്തുറ: ബസ് യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ വഴിയിലുപേക്ഷിച്ചതിനെത്തുടർന്ന് മരണമടഞ്ഞ സംഭവത്തിൽ കണ്ടക്ടർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ഉദയംപേരൂർ പൊലീസ് കേസെടുത്തു. ഉടനെ അറസ്റ്റുചെയ്യുമെന്ന് എസ്.ഐ വിനോദ് പറഞ്ഞു.

ഉദയംപേരൂർ ഉണിക്കുന്നത്ത് കുറുപ്പശേരി വീട്ടിൽ പുഷ്പൻ (57) മരണമടഞ്ഞ സംഭവത്തിൽ ഭാര്യ രാജി നൽകിയ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞദിവസം തൃപ്പൂണിത്തുറയിൽ നിന്ന് ജോലികഴിഞ്ഞ് ഉദയംപേരൂരിലെ വീട്ടിലേയ്ക്ക് പോകുന്നതിനാണ് പുഷ്പൻ പൂത്തോട്ടയിലേയ്ക്ക് പോകുന്ന സ്വകാര്യബസിൽ കയറിയത്. ഇടയ്ക്കുവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പുഷ്പനെ ആശുപത്രിയിൽ എത്തിക്കാതെ പൂത്തോട്ടയിലെ സ്റ്റാൻഡിൽ ഇറക്കി തറയിൽ കിടത്തിയശേഷം ബസ് ജീവനക്കാർ പോകുകയാായിരുന്നു. വിവരമറിഞ്ഞെത്തിയ ഭാര്യ രാജിയും മകനും അയൽക്കാരും ചേർന്ന് പുത്തൻകാവിലും തൃപ്പൂണിത്തുറയിലുമുള്ള ആശുപത്രികളിൽ എത്തിച്ചുവെങ്കിലുംം ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. കാർ ഡ്രൈവറായിരുന്ന പുഷ്പന്റെറ മരണത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായത്. ഭാര്യ രാജി സുഖമില്ലാതെ ചികിത്സയിലാണ്. രണ്ടു മക്കളും വിദ്യാർത്ഥികളാണ്.