കൊച്ചി: ജനറൽ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ദേശീയ ആരോഗ്യദൗത്യത്തിൽ നിന്ന് ഫണ്ട് അനുവദിച്ചു. വികസനസമിതി യോഗത്തിൽ ഫണ്ട് നൽകാൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദേശിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു യോഗം.
ജീവനക്കാരുടെ ശമ്പളം ഉൾപ്പടെ കൃത്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. ആരോഗ്യമന്ത്രിക്കും സെക്രട്ടറിക്കും ഇത് സംബന്ധിച്ച കത്ത് നൽകും. ലോക്ക് ഡൗൺ കാലത്ത് കാന്റീൻ, കംഫർട്ട് സ്റ്റേഷൻ എന്നിവിടങ്ങളിലെ വാടകയിൽ ഇളവ് അനുവദിക്കും.
പി.വി.എസ് ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കാൻ ജനറൽ ആശുപത്രിയുടെ അനെക്‌സാക്കി മാറ്റും. ജില്ലയിലെ ആകെ രോഗികളിൽ 4 ശതമാനം പേർക്കാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളത്. കളമശേരി മെഡിക്കൽ കോളേജിലെ എമർജൻസി സൗകര്യം പര്യാപ്തമാവാതെ വരുമ്പോൾ സൗകര്യം പി.വി.എസിൽ സജ്ജീകരിക്കും. ആലപ്പുഴ, ഇടുക്കി ജില്ലകളിൽനിന്ന് കൊവിഡ് രോഗികൾ എത്തുന്ന സാഹചര്യത്തിൽ അവർക്കും സൗകര്യം ലഭ്യമാക്കും. കൊവിഡ് മാനേജ്‌മെന്റ് പരിശീലനവും നൽകും.
ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ. കുട്ടപ്പൻ, എൻ.എച്ച്.എം ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.