കൊച്ചി: ബംഗളൂരു - കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചിയിലെ ഗ്ലോബൽ ഇൻഡസ്ട്രിയൽ ആൻഡ് ട്രേഡ് സിറ്റി (ഗിഫ്റ്റ് സിറ്റി) യുടെ മാസ്റ്റർ പ്ളാൻ ഫെബ്രുവരിയിൽ പൂർത്തിയാകും. പദ്ധതിക്ക് 220 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ 540 കോടി രൂപ അനുവദിച്ചിരുന്നു.
സി.എച്ച്.ടു.എം ഹിൽ ഇന്ത്യാ കൺസോർഷ്യമാണ് മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നത്. ഫെബ്രുവരിയ്ക്കകം മാസ്റ്റർ പ്ളാൻ പൂർത്തിയാക്കാൻ കമ്പനിക്ക് വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അൽക്കേഷ് കുമാർ ശർമ്മ നിർദ്ദേശം നൽകി. കേരളത്തിൽ ഓഫീസ് തുറന്ന് മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചതായി കമ്പനി അറിയിച്ചു. സിറ്റിയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ സംബന്ധിച്ചാണ് നടപടികൾ. ഉൾപ്പെടുത്തേണ്ട അനുയോജ്യമായ പദ്ധതികളും സാമ്പത്തികവശങ്ങളും വിശദമായി പഠിച്ച് ഉൾപ്പെടുത്താൻ അൽക്കേഷ് കുമാർ ശർമ്മ നിർദ്ദേശിച്ചു. ഓൺലൈനിൽ നടന്ന അവലോകനയോഗത്തിൽ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപ്പറേഷൻ (എൻ.ഐ.സി.ഡി.സി) സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ കെ. സഞ്ജയ് മൂർത്തിയും പങ്കെടുത്തു.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 220 ഹെക്ടർ സ്ഥലത്താണ് ജിഫ്റ്റ് സിറ്റി. വിശദമായ മാസ്റ്റർ പ്ലാൻ, പ്രാഥമിക എൻജിനീയറിംഗ്, ഡിസൈൻ റിപ്പോർട്ട്, ത്രീ ഡി മോഡൽ, പരിസ്ഥിതി അംഗീകാരങ്ങൾ, ടെൻഡർ പാക്കേജും ബി.എം മോഡലും വികസിപ്പിക്കൽ, സംസ്ഥാന സർക്കാരുമായി ചേർന്ന് ടെൻഡർ നടപടികൾ എൻ.സി.ഡി.ടി ഏറ്റെടുക്കും.
ലക്ഷ്യം ഇങ്ങനെ
വികസനത്തിന് ഉത്തേജനം
കൊച്ചി മേഖലയിലെ വികസന പ്രക്രിയകൾക്ക് ഉത്തേജനം നൽകാൻ നിക്ഷേപത്തിന് കഴിയും. അധിക നിക്ഷേപം കൊണ്ടുവരുന്ന വികസനത്തിന് പദ്ധതി ഉത്തേജകമാകും. പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
അൽകേഷ് കുമാർ ശർമ്മ
അഡീഷണൽ ചീഫ് സെക്രട്ടറി
വ്യവസായവകുപ്പ്