ആലുവ: സുനിൽ സാറിന്റെ വാഹനം അന്നും ഇന്നും സൈക്കിളാണ്. ആലങ്ങാട് മാളികംപീടിക കണ്ടനാട്ട് പുത്തൻമഠം വീട്ടിൽ കെ.എൻ. സുനിൽകുമാർ (48) നിത്യേന 50 കിലോ മീറ്റർ എങ്കിലും സൈക്കിൾ ചവിട്ടും. സമഗ്ര ശിക്ഷ കേരള അങ്കമാലി ബ്ളോക്ക് റിസോഴ്സ് സെന്റർ പ്രൊജക്ട് കോ ഓർഡിനേറ്ററാണ് ഇദ്ദേഹം.
കേരള ഹിന്ദി പ്രചാര സഭയുടെ കീഴിലുള്ള ആലങ്ങാട് കേന്ദ്രീയ ഹിന്ദി വിദ്യാലയം നടത്തുന്നതിനിടെയാണ് 2004ൽ കാസർകോട് മൊഗ്രാൽ ഗവ. ഹൈസ്കൂളിൽ ഹിന്ദി അദ്ധ്യാപകനായത്. കഴിഞ്ഞ 16 വർഷത്തിനിടെ കാസർകോട് ജില്ലയിലെ അടുക്കത്ത് ബയൽ, ദേലംപാടി എന്നിവിടങ്ങളിലും ജോലി ചെയ്തു. നിലവിൽ കാസർകോട് എടനീർ സ്കൂളിലെ അദ്ധ്യാപകനായിരിക്കെയാണ് അങ്കമാലി ബി.ആർ.സിയിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയത്.
കാസർകോടും സൈക്കിളായിരുന്നു വാഹനം. ദേലംപാടിയിൽ ചെങ്കുത്തായ കയറ്റവും ഇറക്കവുമുള്ളതിനാൽ അക്കാലം സൈക്കിൾ ഉപയോഗിച്ചില്ല. ആലുവ ബി.ആർ.സിയിൽ ഹിന്ദി ട്രെയിനറായി സുനിൽകുമാർ ജോലി ചെയ്തിട്ടുണ്ട്. ഒപ്പം ജോലി ചെയ്യുന്ന അദ്ധ്യാപകർ വിലകൂടിയ കാറിലും ബൈക്കിലുമെല്ലാം എത്തുമ്പോൾ സൈക്കിൾ കൈയ്യൊഴിയാൻ അദ്ദേഹം തയ്യാറായില്ല. 12 വർഷവും ജില്ലയിലെ ബി.ആർ.സികളിലാണ് സേവനമനുഷ്ഠിച്ചത്.
അങ്കമാലി ബി.ആർ.സി ഭിന്നശേഷിക്കാരായ 16 കുട്ടികൾക്ക് കഴിഞ്ഞ ദിവസം ഓണക്കിറ്റ് നൽകിയിരുന്നു. എല്ലാ കുട്ടികളുടെ വീടുകളിൽ സുനിൽ സാർ സൈക്കിളിൽ കിറ്റുകളെത്തിച്ചു. ദിവസവും രാവിലെ 7.30ഓടെ വീട്ടിൽ നിന്നും പുറപ്പെടും. രണ്ട് മണിക്കൂറിനകം തിരക്കേറിയ റോഡിലൂടെ അങ്കമാലി നായത്തോടിലെ ഓഫീസിലെത്തും. രാഷ്ട്ര ഭാഷയോടുള്ള പ്രണയത്താൽ നിരവധി വിദ്യാർത്ഥികൾക്ക് സൗജന്യമായി ആലങ്ങാട് ഹിന്ദി വിദ്യാലയത്തിൽ പ്രവേശനം നൽകിയിട്ടുണ്ട്. നിരവധി റാങ്ക് ജേതാക്കളും ഇവിടെ നിന്നും ഉണ്ടായി.
ഭാര്യ ജയലക്ഷ്മിയാണ് ഇപ്പോൾ സ്ഥാപനം നടത്തുന്നത്.
മക്കൾ: ലക്ഷ്മി (ബിരുദം, മഹാരാജാസ് കോളേജ്), പ്രേംചന്ദ് (കെ.എം.എം എച്ച്.എസ്).