പറവൂർ : കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരുടെ ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനായി പുത്തൻവേലിക്കരയിൽ കൊവിഡ് പ്രാഥമിക പരിശോധനാ കേന്ദ്രം 11ന് തുടങ്ങും. കൊവിഡ് സ്ഥിരീകരിച്ചവരെ പ്രവേശിപ്പിക്കാന്‍ തയാറാക്കിയ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇൻഫന്റ് ജീസസ് പാരിഷ് ഹാളിനോട് ചേർന്നാണ് പരിശോധന കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ആന്റിജൻ ടെസ്റ്റ് നടത്താൻ ഗ്രാമവാസികൾക്ക് പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് പോകാനുള്ള യാത്രാബുദ്ധിമുട്ടു പരിഹരിക്കുന്നതിനായി പഞ്ചായത്തിൽ തന്നെ പ്രാഥമിക പരിശോധനാ കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്തിലെ കൊവിഡ് കമ്മിറ്റി കലക്ടർക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് പരിശോധന കേന്ദ്രം അനുവദിച്ചത്. കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ആവശ്യമായ കട്ടിൽ, കിടക്ക, പുതപ്പ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു പറഞ്ഞു.