കൊച്ചി: ലഹരി - മയക്കുമരുന്ന് ഉപയോഗം സമൂഹത്തിലാകെ വ്യാപിക്കുന്നത് ആശങ്കാജനകമാണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ലഹരി -മയക്കുമരുന്ന് മാഫിയയുടെ മുഖ്യലക്ഷ്യ കാമ്പസുകളാണെങ്കിലും സിനിമയടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യാപകമാകുന്നുവെന്നതും പണത്തിന് വേണ്ടി എന്തുംചെയ്യാൻ തയ്യാറായ ഒരുവിഭാഗം വളർന്നു വരുന്നുവെന്നതും ഗുരുതരമായ പ്രശ്നമാണ്. ലഹരി ഉപയോഗം ഒരു വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തേയും ബാധിക്കുന്ന കാര്യമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം നഷ്ടപ്പെടുന്ന പുതിയതലമുറയെ ലഹരികളിൽ നിന്നും മോചിപ്പിക്കേണ്ടത് നാടിന്റെ ശോഭനമായഭാവിയ്ക്ക് അനിവാര്യമാണ്. ഈ രംഗത്ത് ശക്തമായ പ്രതിരോധവും ബോധവത്കരണവും ഉയർന്നുവരണം.

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നർക്കോട്ടിക് വിഭാഗം പ്രവർത്തന രഹിതമാണോയെന്നു സംശയിക്കുന്നതായും യോഗം കുറ്റപ്പെടുത്തി. ഒക്ടോബർ 6, 7 തീയതികളിൽ ഗാന്ധീയം സമ്മേളനം വിപുലമായി നടത്തുന്നതിനും മുന്നോടിയായി ജില്ലാ സമ്മേളനങ്ങളും പോഷകവിഭാഗം സമ്മേളനങ്ങളും പൂർത്തിയാക്കുവാനും ഓൺലൈനിൽ കൂടിയ സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ ഡോ എം.സി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം.എസ്. ഗണേശ് , ഡോ. അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത് , ഡോ. പി.വി പുഷ്പജ, വി.എസ്. ദിലീപ് കുമാർ, ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.