കാലടി : ശ്രീമൂലനഗരം പഞ്ചായത്തിൽ ഇടതുപക്ഷ പ്രവർത്തകരുടെ പേരുകൾ വോട്ടർ പട്ടികയിൽ വ്യാപകമായി വെട്ടി മാറ്റുന്നതായി സി.പി.എം ആരോപിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വോട്ടർ പട്ടികയിൽ നിന്നും സ്ഥിര താമസക്കാരായ വോട്ടർമാരെ ഒഴിവാക്കുന്നതെന്നാണ് സി.പി.എം പറയുന്നത്. ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിനു വേണ്ടി പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ അപേക്ഷ നൽകിയിട്ടുള്ള ഭൂരിഭാഗം വോട്ടർ മാരും അതാത് വാർഡുകളിലെ സ്ഥിരം താമസക്കാരാണ്. ഒരു വ്യക്തിയുടെ പേരിൽ വ്യാജ അപേക്ഷ നൽകിയ വാർത്ത പുറത്ത് വന്നതോടെ യഥാർത്ഥ വ്യക്തി പഞ്ചായത്തിൽ എത്തി തന്റെ പേരിൽ നൽകിയിട്ടുള്ള അപേക്ഷ പിൻവലിച്ചിരുന്നു. വ്യാജ ഒപ്പിട്ട നേതാവിനെതിരെ പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് ഭരണത്തിന്റെ തണലിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് വോട്ടർ പട്ടികയിൽ നടത്തിവരുന്ന ഇത്തരം ക്രമക്കേടുകൾക്കെതിരെ സി.പി.എം ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും ലോക്കൽ സെക്രട്ടറി ടി വി രാജൻ പറഞ്ഞു. സംഭവത്തിൽ സി.എം.പ്രതിഷേധിച്ചു.