ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്റെ യഥാർത്ഥ മരണകാരണം അറിയണമെന്നാവശ്യപ്പെട്ട് മാതാവ് നടത്തുന്ന അനിശ്ചിതകാല സമരത്തിന് ദേശീയ സാമൂഹ്യക്ഷേമ കുപ്പ് ബോർഡ് മെമ്പർ പത്മ എസ്. മേനോൻ സമരകേന്ദ്രത്തിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
സ്വന്തം കുഞ്ഞിന്റെ മരണകാരണം അറിയാൻ മാതാവ് നന്ദിനി നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടം ഏഴാം ദിവസമായിട്ടും അധികാരികൾ കണ്ടില്ലെന്നു നടിക്കുന്നത് അനീതിയാണെന്ന് പത്മജ എസ്. മേനോൻ ആരോപിച്ചു. നാണയം വിഴുങ്ങിയ കുട്ടിക്ക് ചികിത്സ നിഷേധിച്ച് മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. ദേശീയ ബാലവകാശ കമ്മീഷന് പരാതി നൽകുമെന്നും നന്ദിനിക്ക് നീതി ലഭിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്നും പത്മജ അറിയിച്ചു. ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷ ലത ഗംഗാധരൻ, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കമലം രാമൻകുട്ടി, കമ്മിറ്റി അംഗം സരസ്വതി ഗോപാലകൃഷ്ണൻ, ശാരി വിനോദ്, സി. സുമേഷ്, രമണൻ ചേലാക്കുന്ന്, രചന ഹരീഷ്, ഷീജ മധു, ദീപ രാജീവ്, ശ്രീവിദ്യാ ബൈജു തുടങ്ങിയവർ സംബന്ധിച്ചു.
ബി.ജെ.പിക്ക് പുറമെ കോൺഗ്രസ്, മുസ്ലീംലീഗ്, കേരളാ കേൺഗ്രസ് തുടങ്ങി രാഷ്ട്രീയ പാർട്ടികളും പൗരാവകാശ സംരക്ഷണ സമിതിയുമെല്ലാം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.