കോതമംഗലം : അദ്ധ്യാപന രീതികൊണ്ട് വിദ്യാർത്ഥി മനസ് കവർന്നെടുത്തയാളാണ് സി. കെ. അലക്സാണ്ടർ മാഷ്. സംസ്ഥാന, നുറുങ്ങ് വിദ്യകളിലൂടെയും ചിത്രകലയിലൂടെയും കരവിരുതുകൾ കൊണ്ടും മാഷ് കുട്ടികളെ പാഠപുസ്തകങ്ങളിലേക്ക് നയിച്ചു. അവരുടെ സർഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിച്ചു.
1994 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്, 1995 ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്, 1980 ൽ മികച്ച റേഡിയോ ശ്രോതാവിനുള്ള ആകാശവാണിയുടെ പുരസ്കാരം, 2019ൽ കേരളത്തിലെ ഏറ്റവും മികച്ച റേഡിയോ ശ്രോതവിനുള്ള കാഞ്ചിരവം കലാവേദിയുടെ "ശ്രവണശ്രീ" പുരസ്‌കാരം എന്നിവ നേടിയ മാതൃക അദ്ധ്യാപകനാണ് കുഞ്ഞു സാർ എന്ന് വിളിപ്പേരുള്ള സി.കെ അലക്സാണ്ടർ. കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകല അധ്യാപകനായിരുന്ന അദ്ദേഹം അറിയപ്പെടുന്നൊരു ബുൾ ബുൾ വാദ്യ കലാകാരൻ കൂടിയാണ്.
അര നൂറ്റാണ്ടിലേറെയായി റേഡിയോയെയും, ബുൾ ബുളിനെയും സ്വന്തം പ്രാണനെ പോലെ സ്നേഹിക്കുന്നു അലക്സാണ്ടർ മാഷ്. ഒരു കാലഘട്ടത്തിന്റെ ശബ്ദമായിരുന്ന റേഡിയോ ആണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചതെന്നും മാഷ് പറയും. അദ്ധ്യാപക അവാർഡുകൾ നേടിത്തന്നതിലും മുഖ്യപങ്ക് റേഡിയോ തന്നെ.
പ്രവൃത്തി പരിചയ റിസോഴ്‌സ് പേഴ്സൺ കൂടിയാണ് ഇദ്ദേഹം. രണ്ടായിരത്തിലേറെ പ്രൈമറി അദ്ധ്യാപകർക്ക് പരിശീലനം നല്കി. ആകാശവാണി വയലും വീടും കൃഷിപാഠം പരമ്പരകളിലെ സ്ഥിരം വിജയി കൂടിയാണിദ്ദേഹം. സമ്മാനമായി ലഭിച്ച രണ്ടു തവണത്തെ അഖിലേന്ത്യാ പര്യടനം, 25 ൽ പരം റേഡിയോ സെറ്റുകൾ. അലക്സാണ്ടർ പഴയ മധുരിക്കുന്ന ഓർമ്മകൾ ചികഞ്ഞെടുത്തു. 78 വയസ് പിന്നിടുമ്പോഴും നാട്ടിലെ കാര്യങ്ങളിൽ സജീവാണ്. 1998ലാണ് വിരമിച്ചത്. ഇപ്പോഴത്തെ കൂട്ട് റേഡിയോയും പുതിയ തലമുറക്ക് അത്ര പരിചിതമല്ലാത്ത വാദ്യോപകരണമായ ബുൾ ബുളുമാണ്. ഗസൽ സംഗീതത്തിന്റെ ആഘോഷ രാവുകൾക്കു ഹരം പകരുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന സംഗീതോപകരണമാണ് ബുൾ ബുൾ. കേരളത്തിൽ ബുൾ ബുൾ വായിക്കാൻ അറിയാവുന്ന അപൂർവം ചിലരിൽ ഒരാളാണ് ഇദ്ദേഹം.