nia

കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പലിൽ നിന്ന് ഹാർഡ് ഡിസ്ക്കുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ മോഷ്‌ടിച്ച കേസിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനായില്ലെന്ന് വിശദീകരിച്ച് ദേശീയ അന്വേഷണ ഏജൻസി ( എൻ.ഐ.എ) എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബീഹാർ സ്വദേശി സുമിത്കുമാർ, രാജസ്ഥാൻ സ്വദേശി ദയാറാം എന്നിവർ പണത്തിനായാണ് മോഷണം നടത്തിയത്. പ്രതികൾ അറസ്‌റ്റിലായിട്ട് വരുന്ന തിങ്കളാഴ്ച 90 ദിവസം തികയാനിരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതയും ഇല്ലാതായി.

പ്രതികൾക്കെതിരെ സൈബർ ഭീകരവാദകുറ്റം നിലനിൽക്കുമെന്ന് കുറ്റപത്രത്തിൽ പറയുന്നു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ തട്ടിയെടുത്തതിനാലാണിത്. പ്രതികളെ പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയമാക്കി. കേരള പൊലീസ് രജിസ്‌റ്റർ ചെയ്ത കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

2019 സെപ്‌തംബറിലാണ് കപ്പലിൽനിന്ന് കമ്പ്യൂട്ടർ ഉപകരണങ്ങൾ മാേഷണം പോയത്. പ്രതികൾ കരാർ അടിസ്ഥാനത്തിൽ കപ്പൽശാലയിൽ ജോലിക്കെത്തിയവരായിരുന്നു. 6500 പേരുടെ വിരലടയാളങ്ങൾ പരിശോധിച്ച ശേഷമാണ് എൻ.ഐ.എ പ്രതികളെ അറസ്റ്റു ചെയ്‌തത്.