കാലടി: കൊവിഡിലും പതിവ് തെറ്റിച്ചില്ല. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ ഈ വർഷത്തെ മംഗല്യം സമൂഹ വിവാഹത്തിന് പതിവ് മികവോടെ തുടക്കമായി. ആദ്യ ദിവസം കുമ്പളം വെളിപ്പറമ്പിൽവീട്ടിൽ ബാബുവിന്റെയും സരസ്വതിയുടെയും മക്കളായ വി.ബി. സിന്ധുവും വി.ബി. ബിന്ദുവും വിവാഹിതരായി. കോട്ടയം കാഞ്ഞിരപ്പിള്ളി വട്ടകപ്പാറ വീട്ടിൽ ബാബുവിന്റെ മകൻ ബിബിൻ സിന്ധുവിനും കോട്ടയം പൂഞ്ഞാർ, വയലുങ്കൽ വീട്ടിൽ വി.ആർ. പ്രഭാകരന്റെ മകൻ വി.പി. അനിൽ ബിന്ദുവിനും വരണമാല്യം ചാർത്തി. കൊവിഡ് പശ്ചാത്തലത്തിൽ ഒരു ദിവസം രണ്ടു വിവാഹമെന്ന നിലയിൽ ആറു ദിനസം സമൂഹ വിവാഹം ചടങ്ങ് നടക്കും.എട്ടു വർഷം പിന്നിടുന്ന മംഗല്യം സമൂഹ വിവാഹപദ്ധതിയിൽ ആദ്യമായാണ് ഇരട്ടസഹോരദിമാരുടെ വിവാഹം ഒരേ വേദിയിൽ നടക്കുന്നത്. സെപ്തംബർ അഞ്ച് മുതൽ ഒമ്പത് വരെയും 12നുമാണ് തുടർന്നുള്ള വിവാഹങ്ങൾ. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം കർശന നിയന്ത്രണങ്ങളോടെ ലളിതമായാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. താലികെട്ടിനു ശേഷം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വധൂവരന്മാർക്കായി അനുമോദന യോഗവും നടന്നു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ. പ്രസൂൺകുമാർ ,ചാലക്കുടി എം.പി. ബെന്നി ബഹനാൻ, ആലുവ എം.എൽ.എ. അൻവർ സാദത്ത്, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് അൽഫോൺസ വർഗീസ്, വൈസ് പ്രസിഡന്റ് വി.വി. സെബാസ്റ്റിയൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം സാജിത ബീരാസ്, പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.സി. ഉഷാകുമാരി, പഞ്ചായത്തംഗം എം.കെ. കലാധരൻ എന്നിവർ സംസാരിച്ചു . ശ്രീപാർവതി ദേവിക്കു ചാർത്തിയ വിശേഷ പട്ട് ബെന്നി ബഹനാൻ എം.പിയും എം.എൽ.എ. അൻവർ സാദത്തും വധൂവരന്മാർക്ക് സമ്മാനിച്ചു. നിർദ്ധന കുടുംബങ്ങളിലെ യുവതികളുടെ മംഗല്യ സ്വപ്‌നങ്ങൾ നിറവേറ്റുന്നതിനായി 2013ൽ ആരംഭിച്ച മംഗല്യം സമൂഹ വിവാഹ പദ്ധതിയിൽ ഇതുവരെ 88 യുവതികളുടെ വിവാഹമാണ് ക്ഷേത്ര ട്രസ്റ്റിന് നടത്തിയിട്ടുള്ളത്. ഈ വർഷം പന്ത്രണ്ട് യുവതികൾ കൂടി സുമംഗലികളാകും. ഭക്തജനങ്ങളുടെയും സുമനസുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. യുവതികളുടെ കുടുംബങ്ങളിൽ നിന്നു ലഭിക്കുന്ന അപേക്ഷകളിൽ വിശദമായ അന്വേഷണം നടത്തിയശേഷം യോഗ്യരായവരെ കണ്ടെത്തുന്നത്. ആഭരണം, വിവാഹവസ്ത്രം തുടങ്ങി മുഴുവൻ ചെലവും ക്ഷേത്ര ട്രസ്റ്റ് വഹിക്കും. മുൻ വർഷങ്ങളിൽ വിവാഹിതരായവരെ ചടങ്ങിൽ ക്ഷണിക്കാറുണ്ട്.