കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിന് പിന്നിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. കൊലപാതകികൾക്ക് പരവതാനിവിരിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ടവരുടെ കൈവശം മാരാകായുധങ്ങളുണ്ടായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പരസ്യമായി സമ്മതിക്കുമ്പോൾ അവർ നിരായുധരായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ അവകാശപ്പെടുന്നു. കുട്ടനാട്, ചവറ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ ഏത് പാർട്ടിയാണ് മത്സരിക്കേണ്ടതെന്ന് ഈ മാസം 9ന് മുമ്പ് ചേരുന്ന മുന്നണിയോഗം തീരുമാനിക്കും. സ്വർണക്കടത്ത്, രാജ്യദ്രോഹകുറ്റം എന്നിവയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസും മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വീടും കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലാണ്. ഇത്രയധികം കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ടിട്ടുള്ള സംസ്ഥാനസർക്കാർ വേറെയില്ലെന്നും ബെന്നി ബഹനാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.