കൊച്ചി : എറണാകുളം മാർക്കറ്റ് നിർമ്മാണത്തിന്റെ ഭാഗമായി നിലവിലെ കച്ചവടക്കാരെ താല്‌കാലികമായി മാറ്റാൻ കണ്ടെത്തിയ വക്കഫ് സ്ഥലം എത്രയും വേഗം കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചു. വക്കഫ് ഭൂമിയാണോയെന്ന തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഭൂമി ലഭ്യമാക്കാൻ വൈകുന്നത് പദ്ധതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മാർക്കറ്റിലെ സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റും ജനറൽ സെക്രട്ടറിയും നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

 തർക്കമിങ്ങനെ

കേന്ദ്ര സർക്കാരിന്റെ സ്മാർട്ടി സിറ്റി മിഷനിലേക്ക് തിരഞ്ഞെടുത്ത 20 നഗരങ്ങളിലൊന്നാണ് കൊച്ചി. ഈ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരും കൊച്ചി നഗരസഭയും ചേർന്നാണ് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന് രൂപം നൽകിയത്. പദ്ധതിയുടെ ഭാഗമായി എറണാകുളം മാർക്കറ്റ് നവീകരിക്കാൻ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് തീരുമാനിച്ചു. മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി നിലവിലെ കച്ചവടക്കാരെ മാർക്കറ്റിനു തൊട്ടടുത്തുള്ള 1.25 ഏക്കർ വരുന്ന സ്ഥലത്തേക്ക് താല്കാലികമായി മാറ്റാനും തീരുമാനമായി. 2003 വരെ ഇവിടെ ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു. രണ്ടു വർഷത്തിനുള്ളിൽ പുതിയ മാർക്കറ്റ് പൂർത്തിയാക്കി കച്ചവടക്കാരെ തിരിച്ചെത്തിക്കാനും കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. വക്കഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ തർക്കം നിലനിൽക്കുന്ന ഭൂമിയായതിനാൽ ഇതിന് ഹൈക്കോടതിയുടെ അനുമതി തേടി.

 കോടതി പറഞ്ഞത്

213 കച്ചവടക്കാരെയാണ് താല്കാലികമായി മാറ്റേണ്ടത്. ഇവരെ തർക്ക ഭൂമിയിലേക്ക് രണ്ടു വർഷത്തേക്ക് മാറ്റുന്നത് തർക്ക ഭൂമിയുടെ കൈവശാവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ ബാധിക്കില്ല. മാത്രമല്ല, കളക്ടർ നിശ്ചയിക്കുന്ന വാടക കൊച്ചിൻ സ്മാർട്ട് സിറ്റി മിഷൻ അധികൃതർ കോടതിയിൽ കെട്ടിവെക്കാമെന്ന് സമ്മതിച്ചിട്ടുമുണ്ട്. വക്കഫ് ഭൂമിയുടെ തർക്കം പരിഹരിക്കുമ്പോൾ അവകാശികൾക്ക് ഈ തുക ലഭിക്കും. ആ നിലയ്ക്ക് ഭൂമി എത്രയും വേഗം കൊച്ചിൻ സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡിന് കൈവശക്കാർ കൈമാറണം. ഭൂമി തർക്കത്തിലെ മിക്ക കക്ഷികളും കച്ചവടക്കാരെ താല്കാലികമായി ഇവിടേക്ക് പുനരധിവസിപ്പിക്കുന്നതിനോടു യോജിച്ചെങ്കിലും ഒരു കക്ഷി മാത്രം എതിർത്തു. എന്നാൽ പൊതുതാല്പര്യം പരിഗണിച്ചു ഈ എതിർപ്പ് തള്ളുകയാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

 പുതിയ മാർക്കറ്റിൽ

ബേസ്‌മെന്റും മൂന്നു നിലകളുമുള്ള കെട്ടിട സമുച്ചയമാണ് പണിയാൻ ലക്ഷ്യമിടുന്നത്. മാർക്കറ്റിൽ നിലവിലുള്ള കച്ചവടക്കാരെ പുതിയ മാർക്കറ്റ് കോംപ്ളക്സിന്റെ ആദ്യ രണ്ടു നിലകളിലായി പുന:രധിവസിപ്പിക്കും. മറ്റു സ്ഥലങ്ങളും മൂന്നാം നിലയും വാടകയ്ക്ക് നൽകും. കയറ്റിയറക്കിനായി ട്രക്ക് ബേകൾ ക്രമീകരിക്കും. മാർക്കറ്റ് കോംപ്ളക്സിന്റെ ബേസ്‌മെന്റിലും സമീപത്തുമായി 150 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. മാലിന്യ സംസ്കരണത്തിനായി നവീന രീതികൾ അവലംബിക്കും. സ്മാർട്ട് വേസ്റ്റ് കോമ്പാക്ട് മെഷീൻ ലഭ്യമാക്കും. ഖരമാലിന്യ നീക്കത്തിനും സംവിധാനമുണ്ടാകും.